സ്‌ഫോടകവസ്തു നിറച്ച ഗോതമ്പുണ്ട കഴിച്ച ഗര്‍ഭിണിയായ പശു ചത്തു; ഒരാള്‍ അറസ്റ്റില്‍

പൊട്ടിത്തെറിയില്‍ പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു. ബിലാസ്പൂരില്‍ പത്തുദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Update: 2020-06-07 03:22 GMT

ബിലാസ്പൂര്‍: സ്‌ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു ചത്തു. ഗോതമ്പുണ്ടയില്‍ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിന്റെ ഉടമയുടെ പരാതിയിലാണ് കേസ്.

പൊട്ടിത്തെറിയില്‍ പശുവിന്റ വായയും താടിയെല്ലും തകര്‍ന്നിരുന്നു. ബിലാസ്പൂരില്‍ പത്തുദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവം ഇന്ത്യാ ടുഡേയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വായ തകര്‍ന്ന പശുവിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഗുര്‍ഡ്യാല്‍ സിങ് എന്ന വ്യക്തിയുടെ പശുവാണ് ആക്രമത്തിന് ഇരയായത്. വായ പൂര്‍ണമായും തകര്‍ന്നതോടെ പശുവിന് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്ന് ഉടമ വിഡിയോയില്‍ പറയുന്നു. ഗോതമ്പ് മാവില്‍ പൊതിഞ്ഞാണ് സ്‌ഫോടകവസ്തു വച്ചിരുന്നത്. വന്യമൃഗങ്ങള്‍ക്കായി വച്ച കെണിയില്‍ പശു പെട്ടതാണെന്നാണ് സൂചനയുണ്ട്. എന്നാല്‍ സംഭവത്തിന് പിന്നില്‍ അയല്‍ക്കാരനെ സംശയമുണ്ടെന്ന് ഉടമ പറഞ്ഞിരുന്നു. കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം വന്‍ വിവാദമായിരുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മലപ്പുറത്തിനെതിരേ വ്യാപക വിദ്വേഷ പ്രചാരണമാണ് നടന്നത്. കേരളത്തിലെ ബിജെപി നേതാക്കളും മനേകാ ഗാന്ധി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരും ആന ചരിഞ്ഞതില്‍ അനുശോചനവുമായി രംഗത്തെത്തി. എന്നാല്‍, ഗര്‍ഭിണിയായ പശുവിന് ഭക്ഷണത്തില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കിയ സംഭവത്തില്‍ സംഘപരിവാര്‍ മൗനം പാലിക്കുകയാണ്. 

Tags: