ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം: സിപിഎം പോളിറ്റ്ബ്യൂറോ

ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് കോടതി വിധി. ചോദ്യംചെയ്യപ്പെടാവുന്ന നിരവധി തലങ്ങള്‍ ഉള്ളതാണ് ഹൈക്കോടതി വിധിയെന്നും സിപിഎം പിബി ചൂണ്ടിക്കാണിച്ചു.

Update: 2022-03-16 00:37 GMT

ന്യൂഡല്‍ഹി: ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് കോടതി വിധി. ചോദ്യംചെയ്യപ്പെടാവുന്ന നിരവധി തലങ്ങള്‍ ഉള്ളതാണ് ഹൈക്കോടതി വിധിയെന്നും സിപിഎം പിബി ചൂണ്ടിക്കാണിച്ചു.

ഹിജാബ് വിലക്കില്‍ കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ പുറത്താക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അവിടെ ഒന്നും അത് സ്‌കൂള്‍ യൂനിഫോമുകള്‍ക്ക് എതിരാണെന്ന വാദം ആരും ഉന്നയിച്ചിട്ടില്ല. കര്‍ണാടകത്തിന്റെ അയല്‍ സംസ്ഥാനമായ കേരളം ഈ വിഷയത്തില്‍ മികച്ച മാതൃകയാണ്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ, പ്രഫഷണല്‍ സ്ഥാപനങ്ങളിലും മുസ്‌ലിം വിദ്യാര്‍ഥിനികളുടെ റെക്കോര്‍ഡ് പങ്കാളിത്തമുള്ള സംസ്ഥാനം കൂടിയാണ് കേരളം.

ഹൈക്കോടതി ഉത്തരവിലൂടെ കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം എംഎല്‍എമാര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ക്ക് ലഭിച്ചിരിക്കുന്നു. വര്‍ഗീയധ്രുവീകരണം ശക്തമാക്കുകയെന്ന ബിജെപി അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കുന്നത് രാജ്യത്തുടനീളം അപകടരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ സുപ്രിംകോടതി അടിയന്തിരമായി പരിഗണിക്കണം. പരമോന്നതകോടതി ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിച്ച് നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും സിപിഎം പിബി പ്രസ്താവനയില്‍ പറഞ്ഞു.


Tags:    

Similar News