മലപ്പുറം ജില്ലയില്‍ എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരി പഠന സൗകര്യം ഒരുക്കണം: എസ്ഡിപിഐ

കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 75554 വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് പാസായത്. ഇവരില്‍ 28804 വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ ഉപരിപഠന സാധ്യത ഇല്ല.

Update: 2021-07-20 11:49 GMT

മലപ്പുറം: ജില്ലയില്‍ എസ്എസ്എല്‍സി പാസായ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സൗകര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 75554 വിദ്യാര്‍ഥികളാണ് ജില്ലയില്‍ നിന്ന് പാസായത്. ഇവരില്‍ 28804 വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം ജില്ലയില്‍ ഉപരിപഠന സാധ്യത ഇല്ല.

അണ്‍എയ്ഡഡ് സ്‌കൂളുകളിലും മറ്റു പാരലല്‍ കോളജുകളിലും ചേര്‍ന്ന് പഠിക്കേണ്ട സ്ഥിതിയാണ് മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ക്കുള്ളത്. ഏകദേശം 58 കോടിയോളം രൂപയാണ് മലപ്പുറത്തെ രക്ഷിതാക്കള്‍ക്ക് ഇതിനുവേണ്ടി ചിലവഴിക്കേണ്ടി വരുന്നത്.

തെക്കന്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് മലപ്പുറത്തെ ഈ ദയനീയാവസ്ഥ. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് പോലും തങ്ങള്‍ക്കിഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുത്തു പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.

കാലങ്ങളായി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിം ലീഗ് ഉള്‍ക്കൊള്ളുന്ന യുഡിഎഫും എല്‍ഡിഎഫും യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ മുന്നോട്ടു വന്നിട്ടില്ല. എല്ലാ വര്‍ഷവും നിശ്ചിത ശതമാനം സീറ്റ് വര്‍ദ്ധനവ് പ്രഖ്യാപനം നടത്തി മലപ്പുറത്തെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും കണ്ണില്‍ പൊടിയിടുന്ന പതിവ് പല്ലവികളില്‍ നിന്ന് മാറി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ചും നിലവിലുള്ള ഹൈസ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി ഹയര്‍സെക്കന്‍ഡറിയായി അപ്‌ഗ്രേഡ് ചെയ്തും സര്‍ക്കാര്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പ്രസിഡന്റ് സി പി എ ലത്തീഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, എം പി മുസ്തഫ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, സെക്രട്ടറിമാരായ ടിം എം ഷൗക്കത്ത്, ഹംസ മഞ്ചേരി, കെ സി സലാം, അഡ്വ. കെ സി നസീര്‍ സംസാരിച്ചു.

Tags:    

Similar News