ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന് പരോളല്ല, ചികില്‍സയാണ് നല്‍കേണ്ടതെന്ന് ഹൈക്കോടതി

ചികില്‍സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നു കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആരോപിച്ചു. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

Update: 2019-01-24 09:38 GMT

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്ദന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തന് അസുഖം ഉണ്ടെങ്കില്‍ പരോളല്ല ചികില്‍സ നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചു. തടവുകാരന് ചികില്‍സ നല്‍കേണ്ടത് സര്‍ക്കാര്‍ ആണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

ചികില്‍സയുടെ പേരില്‍ പരോള്‍ വാങ്ങി കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുകയാണെന്നു കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആരോപിച്ചു. സംഭവത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. കുഞ്ഞനന്തനും കോടതി നോട്ടീസ് അയക്കും. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതിമൂന്നാം പ്രതിയാണ് കുഞ്ഞനന്ദന്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റിയംഗം പി കെ കുഞ്ഞനന്തന്‍ ജയിലിലാകുന്നത് 2014 ജനുവരിയിലാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പോയ കുഞ്ഞനന്ദന്‍ പക്ഷേ നാല് വര്‍ഷം പിന്നിടുമ്പോള്‍ 389 ദിവസം പുറത്തായിരുന്നുവെന്നാണ് പറയുന്നത്. പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് കെ കെ രമ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Tags:    

Similar News