ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി

ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണമുന്നയിച്ചിരുന്നു.

Update: 2021-09-09 09:31 GMT

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തര്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് കങ്കണയുടെ ഹരജി ബോംബെ ഹൈക്കോടതി തള്ളി. തനിക്കെതിരേയുള്ള നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. സപ്തംബര്‍ ഒന്നിന് നല്‍കിയ കങ്കണയുടെ ഹരജി തള്ളിയതായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രേവതി മോഹിതെ ഡെറെ പറഞ്ഞു. ഈ വര്‍ഷം ആദ്യം അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ച മാനനഷ്ടക്കേസ് നടപടികളെ കങ്കണയുടെ അഭിഭാഷകന്‍ റിസ്വാന്‍ സിദ്ദീഖി കോടതിയില്‍ ഹൈക്കോടതിയില്‍ ചോദ്യംചെയ്തു.

ജാവേദ് അക്തറിന്റെ പരാതിയും കങ്കണ റണാവത്തിന്റെ അഭിമുഖത്തിന്റെ ഭാഗങ്ങളും പരിശോധിച്ച ശേഷമാണ് മജിസ്‌ട്രേറ്റ് പോലിസ് അന്വേഷണത്തിന് നിര്‍ദേശിച്ചതെന്ന് ജാവേദിന്റെ അഭിഭാഷകന്‍ ജയ് ഭരദ്വാജ് ഹൈക്കോടതിയില്‍ പറഞ്ഞു. അതില്‍ അവര്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതായി കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ലാണ് ജാവേദ് അക്തര്‍ കങ്കണയ്‌ക്കെതിരേ പരാതി നല്‍കിയത്.

ബോളിവുഡില്‍ പലരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. ദേശീയ മാധ്യമങ്ങളിലടക്കം കങ്കണ ആരോപണമുന്നയിച്ചിരുന്നു. കങ്കണയുടെ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും ജാവേദ് അക്തര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അന്ധേരി മജിസ്‌ട്രേറ്റ് കോടതി കേസില്‍ നടപടികള്‍ ആരംഭിക്കുകയും വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതിയിലെത്തി കങ്കണ ജാമ്യം നേടുകയും ചെയ്തു. മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് കങ്കണ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News