80:20 വിധി: അഞ്ചിന നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് മെക്ക

മെക്ക സംസ്ഥാനകമ്മിറ്റിയുടെ അഞ്ചിന പരിഹാര നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം സമര്‍പ്പിച്ചതായി മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ജനറല്‍ സെക്രട്ടറി എന്‍ കെ അലി അറിയിച്ചു.

Update: 2021-06-07 08:16 GMT

കൊച്ചി: 80:20 അനുപാതവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയെത്തുടര്‍ന്ന് സംസ്ഥാനത്ത് സംജാതമായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് മെക്ക സംസ്ഥാനകമ്മിറ്റിയുടെ അഞ്ചിന പരിഹാര നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രിക്കും നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷിനേതാക്കള്‍ക്കും എംഎല്‍എമാര്‍ക്കും നിവേദനം സമര്‍പ്പിച്ചതായി മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍ (മെക്ക) ജനറല്‍ സെക്രട്ടറി എന്‍ കെ അലി അറിയിച്ചു.

1) സച്ചാര്‍ - പാലൊളി സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന മുസ്ലിം ക്ഷേമ പദ്ധതികളും സ്‌കോളര്‍ഷിപ്പ്, ഹോസ്റ്റല്‍ ഫീസ്, സ്‌റ്റൈപ്പന്‍ഡ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ പൂര്‍ണ്ണമായും (100%) മുസ്ലിംകള്‍ക്ക് മാത്രമായി നീക്കിവയ്ക്കണം.

2011 മുതല്‍ മുസ്ലിംകളില്‍നിന്നും പിന്നോക്ക വിഭാഗ ക്രിസ്ത്യന്‍ സമൂഹത്തിന് നല്‍കിയത് 2021-2022 അധ്യയന വര്‍ഷം മുതല്‍ മുസ്ലിംകള്‍ക്ക് മാത്രമായി പുനഃസ്ഥാപിക്കണം. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ വിഹിതം നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന 20 ശതമാനത്തില്‍ കുറയാതെയും കോടതി നിര്‍ദ്ദേശപ്രകാരം അവരുടെ ജനസംഖ്യയ്ക്ക് ആനുപാതികമായും അഡീഷണല്‍ ആയി അനുവദിക്കാവുന്നതാണ്.

2) വിധിയുടെ ഗുണപരമായ വശങ്ങളും നിയമപരമായ ബാധ്യതകളും സാമൂഹ്യനീതിയും ഉറപ്പുവരുത്തി മേല്‍ വിവരിച്ച പ്രകാരം കോടതി വിധിമാനിച്ച് ഏറ്റവും ഒടുവിലത്തെ സെന്‍സസ് പ്രകാരമുള്ള മുസ്ലിം ക്രിസ്ത്യന്‍ കണക്ക് പരിഗണിച്ച് ജനസംഖ്യാനുപാതികമായി 2021-22 അധ്യയന വര്‍ഷം മുതല്‍ വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു ന്യൂനപക്ഷ ക്ഷേമ പദ്ധതികളും വിഹിതം നിശ്ചയിക്കാവുന്നതാണ്. ഏറ്റവും അവസാനമായി 2011ലെ സെന്‍സസ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുസ്ലിം 27%, ക്രിസ്ത്യന്‍ 18% കണക്കിലെടുത്ത് 60:40 അനുപാതത്തില്‍ സംവരണമടക്കമുള്ള മുഴുവന്‍ ക്ഷേമ പദ്ധതികളും നടപ്പാക്കണം.

3) ഹൈക്കോടതിവിധിയിലൂടെ റദ്ദാക്കപ്പെട്ട മൂന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് പകരമായി എക്സിക്യൂട്ട് ഓര്‍ഡറുകള്‍ ഇറക്കുന്നതിന് ഒരു വിദഗ്ധ സമിതിയുടെ ആവശ്യമില്ല. സര്‍ക്കാര്‍ തന്നെ നിയമവിദഗ്ധരും ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യവും മുന്‍പരിചയവുമുള്ള നിഷ്പക്ഷരായ വിദഗ്ധരെയും സഭയില്‍ പ്രാതിനിധ്യമുള്ള ഭരണ-പ്രതിപക്ഷകക്ഷികളിലെ സാമാജികരുടെകൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച്, നിയമോപദേശം സ്വീകരിച്ച്, ഭാവിയില്‍ കോടതി വ്യവഹാരങ്ങള്‍ക്ക് ഇടവരാത്തവിധം ബദല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കാവുന്നതാണ്. ഉത്തരവിന്റെ കരട് രൂപവും വ്യക്തവും സ്പഷ്ടവുമായി വിശദീകരിച്ച് സാമുദായിക-സാമൂഹ്യസംഘടനകളിലെ വിദഗ്ധരുമായും ചര്‍ച്ച ചെയ്ത് സമവായത്തിലെത്തി സര്‍ക്കാര്‍ സാമൂഹ്യനീതിയുടെ നിര്‍വ്വഹണം ഉറപ്പുവരുത്തണം.

4) മേല്‍പ്രകാരം സര്‍ക്കാര്‍ സത്വര നടപടികളുമായി മുന്നേറുന്നപക്ഷം പ്രശ്നപരിഹാരം ഒന്ന് രണ്ടാഴ്ചക്കകം സാധ്യമാകും. അതിനായി നിലവിലുള്ള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍, ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍, മുന്‍ ന്യൂനപക്ഷ കാര്യവകുപ്പ് മന്ത്രിമാര്‍, മുന്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടര്‍ അടക്കം കക്ഷി രാഷ്ട്രീയ ഭേദമന്യേ അനുയോജ്യരായ അനുഭവസമ്പത്തുള്ളവരുടെകൂടി നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് തീരുമാനങ്ങളിലെത്താവുന്നതാണ്.

5) കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നീ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 09.02.2021-ലെ ആഭ്യന്തരവകുപ്പിന്റെ GO (MS) No. 32/2021ാം നമ്പര്‍ ഉത്തരവ് പ്രകാരം പാട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റീസ് ജെ ബി കോശി ചെയര്‍മാനായും റിട്ടയേര്‍ഡ് ഐഎഎസ്. ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്, റിട്ടയേര്‍ഡ് ഡിജിപി ജേക്കബ്ബ് പുന്നൂസ് ഐപിഎസ് എന്നിവര്‍ അംഗങ്ങളായുമുള്ള കമ്മീഷന്റെ മാതൃകയില്‍, പ്രസ്തുത കമ്മീഷന്റെ സമാന ടേംസ് ഓഫ് റഫറനസുകളോടെ മുസ്ലിംകള്‍ക്കായി ഒരു കമ്മീഷനെ ഉടന്‍ നിയമിക്കണം. സച്ചാര്‍-പാലൊളി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ പത്തു വര്‍ഷം കേരളത്തില്‍ നടപ്പിലാക്കിയതിന്റെ പുരോഗതിയോ അധോഗതിയോ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രിസ്ത്യന്‍ കമ്മീഷനനുവദിച്ച കാലപരിധി നിര്‍ദ്ദിഷ്ട കമ്മീഷനും അനുവദിക്കണമെന്നും എന്‍ കെ അലി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

Tags: