പരസ്യപ്രസ്താവന നടത്തുന്നവരെ ഇനി ഭാരവാഹിയാക്കില്ല;നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്

. നിലവിലെ സാഹചര്യം രാഹുല്‍ ഗാന്ധി വിലയിരുത്തിയതായും ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ പിന്തുണച്ച് അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ട്.

Update: 2021-08-31 01:19 GMT

ന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ 'പൊട്ടിത്തെറി'ക്കെതിരേ നിലപാട് കടുപ്പിച്ച് ഹൈക്കമാന്‍ഡ്. പാര്‍ട്ടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ പരസ്യപ്രസ്താവന നടത്തുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കെപിസിസിക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. നിലവിലെ സാഹചര്യം രാഹുല്‍ ഗാന്ധി വിലയിരുത്തിയതായും ഗ്രൂപ്പ് നേതാക്കളോട് വിട്ടുവീഴ്ച വേണ്ടെന്ന ഹൈക്കമാന്‍ഡ് നിലപാടിനെ പിന്തുണച്ച് അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുണ്ട്.ഇത്തരക്കാരെ കെപിസിസിയിലോ ഡിസിസിയിലോ ഭാരവാഹികളാക്കേണ്ടെന്ന നിലപാട് നേതൃത്വത്തിന് കൈമാറാനും അദ്ദേഹം നിര്‍ദേശിച്ചതായി അറിയുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ സെമി കേഡര്‍ രൂപത്തിലാക്കാന്‍ അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഹൈക്കമാന്‍ഡ് പൂര്‍ണ പിന്തുണ നല്‍കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വ്യക്തമാക്കി. അതേസമയം, ഡിസിസി പുനസംഘടനയ്‌ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരേ കടുത്ത നടപടിയുമായാണ് കോണ്‍ഗ്രസ് നേതൃത്വം നീങ്ങുന്നത്. കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശിവദാസന്‍ നായര്‍ക്കും കെ പി അനില്‍കുമാറിനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. ഒരു വിട്ട് വീഴ്ചയുമില്ലെന്ന് കെ സുധാകരന്‍ വ്യക്തമാക്കുമ്പോള്‍ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി.

പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി പ്രാഥമികാംഗത്വം രാജിവെച്ച പാലക്കാട്ടെ എ വി ഗോപിനാഥിനെ ഉള്‍പ്പെടെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തേണ്ടതില്ലെന്നും കെപിസിസി നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായാണറിയുന്നത്. പാര്‍ട്ടിയില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ശക്തമാക്കും. പാര്‍ട്ടി വേദികളില്‍ ആര്‍ക്കും എന്തു വിമര്‍ശനവും പറയാം. എന്നാല്‍, പൊതുവേദികളില്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരുടെ വിവരങ്ങള്‍ ഹൈക്കമാന്‍ഡിന് കൈമാറണം.


Tags:    

Similar News