സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല

ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Update: 2019-08-11 16:27 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. നാളെ എവിടേയും 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് എന്നീ ജില്ലകളിൽ തിങ്കളാഴ്ച 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആഗസ്റ്റ് 13 ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14 ന് എറണാകുളം ,ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും, കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഓറഞ്ച്' അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

കേരള തീരത്ത് ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നര മുതൽ 3.8 കിലോമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാൻ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രവും അറിയിച്ചിട്ടുണ്ട്.

അതേസമയം, പേമാരി പെയ്ത വടക്കന്‍ ജില്ലകളിലടക്കം വെയില്‍ തെളിഞ്ഞതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. മഴ കുറഞ്ഞെങ്കിലും കെടുതികള്‍ രൂക്ഷമാണ്. മഴക്കെടുതികളില്‍ ഇതുവരെ 76 പേര്‍ മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലും ഇന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളിലാണ്. 

Tags:    

Similar News