ഇന്ന് ആറ് ജില്ലകളില്‍ തീവ്ര മഴ മുന്നറിയിപ്പ്; മുല്ലപ്പെരിയാര്‍ ജലനിരപ്പില്‍ കാര്യമായ കുറവില്ല

പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

Update: 2021-11-04 02:22 GMT

മുല്ലപ്പെരിയാര്‍: തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബികടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ തീവ്ര മഴ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിച്ച് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഞായറാഴ്ച വരെ ഇടി മിന്നലോടു കൂടിയ മഴ തുടരും. നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

അതേസമയം, വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ കുറവില്ലാത്തതാണ് ഇതിനു കാരണം. 138.70 അടിയാണ് നിലവിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ സ്പില്‍വേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇതേത്തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് മൂന്നടിയോളം ഉയര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാത്രി ജില്ല കളക്ടര്‍ വള്ളക്കടവിലെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മഴ ശക്തമായാല്‍ കൂടുതല്‍ വെള്ളം സ്പില്‍വേ വഴി പുറത്തേക്ക് ഒഴുക്കിയേക്കും.


Tags: