സര്‍ക്കാരിന് കനത്ത തിരിച്ചടി: കുഫോസ് വിസി നിയമനം ഹൈക്കോടതി റദ്ദാക്കി

Update: 2022-11-14 05:54 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയായി കേരള ഫിഷറീസ് ആന്റ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. വിസി ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്. സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷന്‍ ബെഞ്ച് വിസിയുടെ നിയമനം അസാധുവാക്കിയത്. യുജിസി ചട്ടപ്രകാരം പുതിയ സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

വിസി നിയമന പട്ടികയിലുണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ കെ വിജയനാണ് ഹരജി നല്‍കിയത്. കുഫോസ് വിസിയായി ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നായിരുന്നു ഹരജിയിലെ വാദം. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രഫസറായി 10 വര്‍ഷം പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യത ഇല്ലെന്നും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ചത് ചട്ടവിരുദ്ധമാണെന്നുമായിരുന്നു ഹരജിയില്‍ ആരോപിക്കുന്നു.

സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിജി ജോണിന്റെ നിയമനവും നിലനില്‍ക്കില്ലെന്നും ഹരജിക്കാര്‍ കോടതി മുമ്പാകെ വാദിച്ചു. എന്നാല്‍, കാര്‍ഷിക വിദ്യാഭ്യാസം സ്‌റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കാന്‍ നിര്‍ദേശിച്ച 10 വൈസ് ചാന്‍സലര്‍മാരില്‍ ഒരാളാണ് കെ റിജി ജോണ്‍. ഹരജിയില്‍ നേരത്തെ വാദം കേട്ട കോടതി, വിധി പറയാനായി മാറ്റിവച്ചിരുന്നു. ഇതാണ് ഇന്ന് പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് സര്‍ക്കാരിന് തിരിച്ചടി നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Tags:    

Similar News