ചികില്‍സാ പിഴവിനെതുടര്‍ന്ന് ഒന്നര വയസ്സുകാരന്റെ മരണം: മോഹനന്‍ വൈദ്യര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി മുഖ്യമന്ത്രിക്ക് കത്തയച്ചു

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

Update: 2019-08-28 15:06 GMT

കോഴിക്കോട്: അശാസ്ത്രീയമായ ചികിത്സാരീതിമൂലം ഒന്നരവയസുകാരന്‍ മരിച്ച സംഭവത്തില്‍ പോലിസ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇതുസംബന്ധിച്ച് പോലിസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് അശാസ്ത്രീയ ചികിത്സാരീതി അവലംബിച്ചതുവഴി മരിച്ചെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ഫെയ്‌സ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ചത്.

പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്നു കുട്ടി. അമൃത മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും അധികമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്ന മരുന്ന് കുറിച്ചുകൊടുത്തു. ഇടയ്ക്ക് വരുന്ന ജലദോഷം, പനി എന്നിവ ഒഴിച്ച് മറ്റ് പ്രശ്‌നങ്ങളില്ലാതെ ഒരു വര്‍ഷം കഴിഞ്ഞു. തുടര്‍ന്ന് മോഹനന്‍ വൈദ്യരുടെ ചികിത്സ തേടിയതോടെയാണ് കുട്ടിയുടെ നില വഷളായതെന്ന് ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു.

കുട്ടിക്ക് പ്രൊപ്പിയോണിക്ക് അസിഡീമിയ എന്ന രോഗമില്ലെന്നും കുട്ടിക്ക് ഓട്ടിസം ആണെന്നും മോഹനന്‍ വൈദ്യന്‍ നിര്‍ദേശിച്ചു. ചികിത്സ തുടങ്ങുന്നതിനു മുന്‍പ് മറ്റെല്ലാം മരുന്നും നിര്‍ത്തണമെന്നും നാടന്‍ നെല്ലിക്ക നീരും പൊന്‍കാരവും മരുന്നായി ഉപയോഗിച്ചാല്‍ മതിയെന്നും മോഹനന്‍ വൈദ്യര്‍ നിര്‍ദേശിച്ചതായി കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് മരുന്നെല്ലാം നിര്‍ത്തിയതോടെ കുട്ടിയുടെ ആരോഗ്യനില വഷളാവുകയും പനിയും ചുമയും മൂര്‍ച്ഛിച്ച് കുട്ടി മരണത്തിന് കീഴടങ്ങുകയുമായിരുന്നുവെന്ന് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News