ഹരിയാന സംഘര്‍ഷം: ഹിന്ദു മഹാപഞ്ചായത്തിലെ വിദ്വേഷപ്രസംഗത്തിനെതിരേ കേസ്

Update: 2023-08-17 06:20 GMT

ചണ്ഡീഗഡ്: ഹരിയാന സംഘര്‍ഷത്തിനു പിന്നാലെ പല്‍വാള്‍ ഹിന്ദുമഹാപഞ്ചായത്തില്‍ നടത്തിയ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ പോലിസ് കേസെടുത്തു. പല്‍വാളില്‍ ആഗസ്ത് 13ന് നടന്ന സര്‍വ് ഹിന്ദു സമാജ് മഹാപഞ്ചായത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ച് അജ്ഞാതര്‍ക്കെതിരേയാണ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രബോഷണര്‍ സബ് ഇന്‍സ്‌പെക്ടര്‍(പിഎസ്‌ഐ) സച്ചിന്റെ പരാതിയിലാണ് കേസെടുത്തത്. ഐപിസി സെക്ഷന്‍ 153എ, 505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹതിന്‍ പോലി് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റാരോപിതര്‍ക്കെതിരെ നിയമപ്രകാരം നടപടിയെടുക്കുമെന്നും എസ്എച്ച്ഒ മനോജ് കുമാര്‍ പറഞ്ഞു. നൂഹിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വിഎച്ച്പിയുടെ ബ്രജ് മണ്ഡല് യാത്ര ആഗസ്റ്റ് 28ന് പുനരാരംഭിക്കുമെന്ന് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ മഹാപഞ്ചായത്തില്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നും നുഹിനെ ഗോവധ രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച യോഗത്തില്‍ നിരവധി പ്രാസംഗികര്‍ വിദ്വേഷജനകമായി സംസാരിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.

Tags: