മതപരിവര്‍ത്തന നിരോധന ബില്ലിന് ഹരിയാന മന്ത്രിസഭയുടെ അംഗീകാരം

. ഭീഷണി, നിര്‍ബന്ധം, വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനവും വിവാഹത്തിലൂടെയോ വിവാഹത്തിനു വേണ്ടിയോ ഉള്ള മതപരിവര്‍ത്തനവും തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്.

Update: 2022-02-09 11:56 GMT

ചണ്ഡീഗഢ്: ഹരിയാന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്ല് 2022ന്റെ കരടിന് ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഭീഷണി, നിര്‍ബന്ധം, വഞ്ചന, തെറ്റിദ്ധരിപ്പിക്കല്‍ എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനവും വിവാഹത്തിലൂടെയോ വിവാഹത്തിനു വേണ്ടിയോ ഉള്ള മതപരിവര്‍ത്തനവും തടയുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. നിയമവിരുദ്ധവും നിര്‍ബന്ധിതവുമായ മതപരിവര്‍ത്തനം തടയുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു. ആളുകള്‍ക്ക് മതം മാറാനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മനപ്പൂര്‍വം മതം മാറുകയാണെന്ന് പ്രഖ്യാപിച്ച് അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

മതംമാറ്റത്തെക്കുറിച്ച് അറിയിക്കാതിരിക്കുകയും നിര്‍ബന്ധിതമായി വിവാഹം കഴിക്കുകയും വഞ്ചനയിലൂടെയോ വശീകരണത്തിലൂടെയോ മതപരിവര്‍ത്തനം നടത്തുകയും ചെയ്താല്‍, അത് 'നിയമവിരുദ്ധ മതപരിവര്‍ത്തനത്തി'ന്റെ പരിധിയില്‍ വരുമെന്നും ഖട്ടര്‍ പറഞ്ഞു. ഇത് തടയുന്നതിനാണ് ഈ നിയമം വിധാന്‍സഭയില്‍ കൊണ്ടുവരുന്നത്.

ഹിന്ദു സ്ത്രീകളെ പിന്നീട് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിനായി മുസ്‌ലിം പുരുഷന്മാര്‍ അവരെ വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് ഹിന്ദുത്വര്‍ അവകാശപ്പെടുന്ന ഗൂഢാലോചന സിദ്ധാന്തമായ 'ലവ് ജിഹാദ്' നേരിടാന്‍ ബില്‍ ലക്ഷ്യമിടുന്നു.

ലവ് ജിഹാദിനെതിരെ നിയമം രൂപീകരിക്കാന്‍ തന്റെ സര്‍ക്കാര്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കിയതായി ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് നവംബറില്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് 'ലവ് ജിഹാദ്' തടയുന്ന ഒരു നിയമത്തിന്റെ ഭരണഘടനാപരമായ നിയമസാധുത തന്റെ സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്ന് അതേ മാസം തന്നെ ഖട്ടറും പറഞ്ഞിരുന്നു.

Tags:    

Similar News