അധിനിവേശത്തെ ന്യായീകരിക്കാന്‍ ഇസ്രായേല്‍ പ്രതിനിധി; ഹാര്‍വഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയി (വീഡിയോ വൈറല്‍)

'സെറ്റില്‍മെന്റ്‌സ് ആര്‍ വാര്‍ ക്രൈം'എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഹാള്‍ വിട്ട് ഇറങ്ങിയത്.

Update: 2019-11-16 09:42 GMT

ന്യൂയോര്‍ക്ക്: അധിനിവേശത്തെ നിയമപരമായി ന്യായീകരിക്കാനുള്ള ന്യൂയോര്‍ക്കിലെ ഇസ്രായേല്‍ കൗണ്‍സില്‍ ജനറലുടെ ഡാനി ഡയാലിന്റെ ശ്രമത്തിന് ഹാര്‍വഡ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ ചുട്ടമറുപടി. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിദ്യാര്‍ഥികള്‍ ഹാളില്‍ നിന്നും ഇറങ്ങിപ്പോയി.

Full View

ഇസ്രായേല്‍ അധിനിവേശത്തിന്റെ നിയമവശങ്ങള്‍ വിശദീകരിക്കാന്‍ ഹാര്‍വഡ് ലോ സ്‌കൂളില്‍ എത്തിയതായിരുന്നു ഇസ്രായേല്‍ കൗണ്‍സില്‍ ജനറല്‍. 'ഇസ്രാഈല്‍ രാഷ്ട്ര നിര്‍മിതിയുടെ നിയമവശങ്ങള്‍' എന്നതായിരുന്നു പ്രസംഗ വിഷയം. വേദിയിലെത്തിയ കൗണ്‍സില്‍ ജനറലിന് നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രതിഷേധമായിരുന്നു.

'സെറ്റില്‍മെന്റ്‌സ് ആര്‍ വാര്‍ ക്രൈം'എന്ന പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഹാള്‍ വിട്ട് ഇറങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 111 പേര്‍ക്ക് പരിക്കേറ്റു. 63 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ഗസക്കു നേരെ നടന്ന വ്യോമാക്രമണത്തില്‍ ഒരു കുടുംബത്തിലെ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ 5 പേര്‍ കുട്ടികളാണ്.

ഗസയില്‍ ഏതാനും ദിവസമായി തുടരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസത്തെ ആക്രമണം. ഇസ്രായേല്‍ സൈന്യം അയച്ച മിസൈലുകള്‍ രണ്ട് സഹോദരന്മാരുടെ 22 പേരുള്ള കുടുംബം താമസിക്കുന്ന ടിന്‍ഷീറ്റുകൊണ്ട് മറച്ച വീട്ടിലാണ് പതിച്ചത്. കുടുംബത്തിലൊരാള്‍ ഇസ്‌ലാമിക് ജിഹാദ് സായുധസംഘടനയിലെ അംഗമാണെന്നാണ് ഇസ്രായേലിന്റെ വാദം. എന്നാല്‍ കുടുംബത്തിന് ഇസ്‌ലാമിക് ജിഹാദുമയി ബന്ധമൊന്നുമില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ബിബിസി റിപോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ സംശയമുണ്ടെന്ന് ഇസ്രായേലും സമ്മതിച്ചു. അതിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് സൈന്യം അറിയിച്ചു.

ഇസ്‌ലാമിക് ജിഹാദ് തങ്ങള്‍ക്കെതിരേ നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നാല് ദിവസം മുമ്പ് ഇസ്രായേല്‍ സൈന്യം ഗസയിലേക്ക് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇസ്‌ലാമിക് ജിഹാദിന്റെ കമാന്റര്‍ ബാഹ അല്‍ അത്തയും ഭാര്യയും കൊല്ലപ്പെട്ടു. അത്തയാണ് തങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. ഹമാസ് കഴിഞ്ഞാല്‍ ഗസയിലെ രണ്ടാമത്തെ വലിയ സൈനികസംഘടനയാണ് ഇസ്‌ലാമിക് ജിഹാദ്.

അതിനിടയില്‍ യുഎന്‍ സഹായത്തോടെ ഈജിപ്ത് ഇടപെട്ട് വെടിനിര്‍ത്തല്‍ നടപ്പാക്കിയിരുന്നുവെങ്കിലും ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നു. കുരുന്നുകളേയും സ്ത്രീകള്‍ അടക്കമുള്ള സാധാരണക്കാരേയും കൊലപ്പെടുത്തുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ ഇറങ്ങിപ്പോയത്. ഇസ്രായേല്‍ സെറ്റില്‍മെന്റ് യുദ്ധ കുറ്റമാണെന്നും പ്രതിഷേധിക്കാര്‍ പറഞ്ഞു.

Tags:    

Similar News