ഹാപൂര്‍ ആള്‍ക്കൂട്ടക്കൊല: യുപി പോലിസിനോട് കൂടുതല്‍ അന്വേഷണത്തിനുത്തരവിടാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

എന്നാല്‍, പുതിയ മൊഴി വിചാരണാ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

Update: 2019-05-29 00:31 GMT

ന്യൂഡല്‍ഹി: ഹാപൂര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഈയിടെ രേഖപ്പെടുത്തിയ മൊഴികള്‍ കൂടി ഉള്‍പ്പെടുത്തി അധിക കുറ്റപത്രം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. എന്നാല്‍, പുതിയ മൊഴി വിചാരണാ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഹരജിക്കാര്‍ക്ക് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

ഹാപൂരില്‍ പശുവിന്റെ പേര് പറഞ്ഞ് ഹിന്ദുത്വര്‍ തല്ലിക്കൊന്ന ഖാസിം ഖുറേഷിയുടെ രണ്ട് സഹോദരന്മാരുടെ മൊഴി ഈ മാസം 15നാണ് രേഖപ്പെടുത്തിയത്. ഹിന്ദുത്വരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട സമീഉദ്ദീന്‍, കൊല്ലപ്പെട്ട ഖാസിമിന്റെ മകന്‍ എന്നിവരാണ് യുപി പോലിസിന് അന്വേഷണത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഇരകള്‍ക്കു നഷ്ടപരിഹാരവും സാക്ഷികള്‍ക്ക് സംരക്ഷണവും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 8ന് നടന്ന ഹാപൂര്‍ ആള്‍ക്കൂട്ടക്കൊല കേസില്‍ പുതിയ സ്റ്റാറ്റസ് റിപോര്‍ട്ട് സമ ര്‍പ്പിക്കണമെന്ന് ഏപ്രില്‍ 8ന് സുപ്രിം കോടതി യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഐജി റേഞ്ചിലുള്ള ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടും പോലിസ് ഫയല്‍ ചെയ്ത കുറ്റപത്രത്തില്‍ ഐപിസിയിലെ 149, 34, 120ബി വകുപ്പുകള്‍ ചേര്‍ത്തിട്ടില്ലെന്ന് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ അഡ്വ. വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി. ഈ പിഴവ് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കുമെന്നും അവര്‍ വാദിച്ചു.

തുടര്‍ന്ന്, വിശദമായ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്കെതിരായ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ സുപ്രിം കോടതിയില്‍ അടുത്ത വാദം കേള്‍ക്കലിന് മുമ്പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.  

Tags:    

Similar News