ഇസ്രായേല്‍ ക്ഷമ പരീക്ഷിക്കരുത്: മുന്നറിയിപ്പുമായി ഹമാസ്

അറഫ ദിനത്തില്‍ അധിനിവേശ സേനയുടെ പിന്തുണയുള്ള ഇസ്രയേല്‍ കുടിയേറ്റ സംഘങ്ങള്‍ അല്‍അഖ്‌സാ പള്ളിയിലേക്ക് ഇരച്ചുകയറാനും വിശുദ്ധ ദിവസങ്ങളില്‍ മുസ്ലീം ആരാധകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Update: 2021-07-17 16:28 GMT

ഗസാ സിറ്റി: ഇസ്രായേല്‍ തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന ശക്തമായ മുന്നറിയിപ്പുമായി ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ്. അല്‍അഖ്‌സാ പള്ളിയില്‍ അതിക്രമിച്ച കയറാന്‍ ജൂത കുടിയേറ്റക്കാര്‍ ആഹ്വാനം ചെയ്തതിനു പിന്നാലെയാണ് ഹമാസ് മുന്നറിയിപ്പ്. ഫലസ്തീന്‍ പുണ്യസ്ഥലങ്ങളും ഭൂമിയും സ്വത്തും സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഹമാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗസാ മുനമ്പിലെ ഫലസ്തീനികളോടും പ്രതിരോധ പ്രസ്താനങ്ങളോടും തോക്കിന്റെ ട്രിഗറില്‍ വിരലുകള്‍ സൂക്ഷിക്കാന്‍ ഹമാസ് ആവശ്യപ്പെട്ടു. അതിലൂടെ ഗസ, അല്‍ അഖ്‌സാ മസ്ജിദിന്റെ പരിചയും ജറുസലേമിനെ പ്രതിരോധിക്കാനായി ഉയര്‍ത്തിയ വാളുമാണെന്ന് അധിനിവേശകര്‍ മനസ്സിലാക്കട്ടെയെന്നും ഹമാസ് വ്യക്തമാക്കി. ഫലസ്തീന്‍ പുണ്യസ്ഥലങ്ങള്‍, ഭൂമി, സ്വത്ത് എന്നിവയ്‌ക്കെതിരായ ഇസ്രായേല്‍ കയ്യേറ്റങ്ങള്‍ക്കെതിരേ സംഘടിക്കാനും ഫലസ്തീനികള്‍ക്കെതിരായ ഉപദ്രവങ്ങള്‍ക്ക് ശത്രുവിനെ ശിക്ഷിക്കപ്പെടാതെ പോവരുതെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൂടാതെ, ജെറുസലേമിനെയും അനുഗ്രഹീത അല്‍ അഖ്‌സാ പള്ളിയെയും പിന്തുണച്ച് പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ പ്രവാസി ഫലസ്തീനികളോട് ഹമാസ് ആഹ്വാനം ചെയ്തു.

അറഫ ദിനത്തില്‍ അധിനിവേശ സേനയുടെ പിന്തുണയുള്ള ഇസ്രയേല്‍ കുടിയേറ്റ സംഘങ്ങള്‍ അല്‍അഖ്‌സാ പള്ളിയിലേക്ക് ഇരച്ചുകയറാനും വിശുദ്ധ ദിവസങ്ങളില്‍ മുസ്ലീം ആരാധകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കുടിയേറ്റക്കാരുടെ പദ്ധതികള്‍ക്ക് മറുപടിയായി, ജെറുസലേം നിവാസികള്‍ അല്‍അഖ്‌സാ പള്ളിയിലേക്ക് വിശുദ്ധ തീര്‍ത്ഥാടനം നടത്താനും ഹമാസ് ആവശ്യപ്പെട്ടു.

Tags:    

Similar News