ഹലാല്‍ ബീഫ്: പേരാമ്പ്രയില്‍ സംഘ്പരിവാര്‍ അക്രമത്തിന് കോപ്പ്കൂട്ടുന്നു - എസ്ഡിപിഐ

ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം മദ്യലഹരിയില്‍ ചെയ്ത പ്രവര്‍ത്തനമാണ് എന്ന വിശദീകരണമാണ് പോലിസ് നല്‍കുന്നത്.

Update: 2022-05-08 15:29 GMT

പേരാമ്പ്ര: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹലാല്‍ ബീഫിന്റെ പേരില്‍ അക്രമം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് വര്‍ഗീയ കലാപത്തിന് കോപ്പ് കൂട്ടുകയാണെണെന്ന് എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട്. ശക്തമായ നടപടി സ്വീകരിക്കുന്നതിനു പകരം മദ്യലഹരിയില്‍ ചെയ്ത പ്രവര്‍ത്തനമാണ് എന്ന വിശദീകരണമാണ് പോലിസ് നല്‍കുന്നത്. ആക്രമികളെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടുനില്‍ക്കുകയാണന്നും അദ്ദേഹം ആരോപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഹലാല്‍ സ്റ്റിക്കര്‍ പതിച്ച കവര്‍ ബീഫ് കണ്ടതോടെ ബഹളം വെക്കുകയും മുസ്‌ലിം മുദായത്തെ ഒന്നടങ്കം തെറിവിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഹിന്ദുക്കള്‍ക്ക് കഴിക്കാന്‍ ഹലാലല്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് അക്രമം കാണിക്കുകയും കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തുകയും ചെയ്തു. സ്ഥാപനത്തിലെ പാറാവുകാരനും ജീവനാക്കാരും ഇയാളെ പുറത്താക്കിയെങ്കിലും ഫോണ്‍ ചെയ്തത് പ്രകാരം മിനുറ്റുകള്‍ക്കുള്ളില്‍ ആര്‍എസ്എസ് ക്രിമിനല്‍ സംഘം മാരകായുധങ്ങളുമായി സ്ഥാപനത്തിലെത്തിയെങ്കിലും പോലിസിനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികളില്‍ ഒരാളെ പോലിസ് പിടികൂടിയിട്ടുണ്ട്. ഇയാള്‍ മദ്യലഹരിയില്‍ ചെയ്തതാണെന്നാണ് പോലിസ് ഭാഷ്യം. സംഘ്പരിവാര്‍ നേതൃത്വത്തിന്റെ അറിവോടെയല്ലാതെ മിനുറ്റുകള്‍ക്കകം ഇങ്ങനെ ഒരു അക്രമം നടത്താന്‍ അക്രമികള്‍ ധൈര്യപ്പെടില്ലെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ്ഡിപിഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഹമീദ് എടവരാട് ആവശ്യപ്പെട്ടു. മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags: