ഐഎസ്‌ഐക്ക് യുദ്ധവിമാനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ എച്ച്എഎല്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന 41കാരനായ ദീപക് ഷിര്‍സാതിനെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

Update: 2020-10-09 11:53 GMT

മുംബൈ: പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) ഏജന്‍സിക്ക് ഇന്ത്യന്‍ യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന്‍ പിടിയില്‍. എച്ച്എഎല്ലില്‍ അസിസ്റ്റന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്യുന്ന 41കാരനായ ദീപക് ഷിര്‍സാതിനെയാണ് മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.

ദീപക്ക് ഐഎസ്‌ഐയുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ നാസിക്ക് യൂനിറ്റിന് ഇതുസംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നതായും ഡിസിപി വിനയ് റാത്തോഡ് പറഞ്ഞു.

ഇന്ത്യന്‍ യുദ്ധവിമാനത്തെ കുറിച്ചും അതിന്റെ നിര്‍മാണ കേന്ദ്രത്തെ കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ദീപക് ഐഎസ്‌ഐക്ക് കൈമാറിയിരുന്നെന്നും റാത്തോഡ് വ്യക്തമാക്കി.

നാസിക്കിനു സമീപം ഒസാറില്‍ പ്രവര്‍ത്തിക്കുന്ന എച്ച്എഎല്ലിന്റെ എയര്‍ ക്രാഫ്റ്റ് നിര്‍മാണ യൂനിറ്റ്, വ്യോമതാവളം, നിര്‍മാണ കേന്ദ്രത്തിലെ നിരോധിത മേഖല എന്നിവയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങളും ദീപക് ഐഎസ്‌ഐക്ക് കൈമാറിയിരുന്നു. മൂന്ന് മൊബൈലുകള്‍, അഞ്ച് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍ എന്നിവയും ദീപക്കില്‍നിന്ന് പിടിച്ചെടുത്തു. ഔദ്യോഗിക രഹസ്യ നിയമം പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

1964ലാണ് എച്ച്എഎല്ലിന്റെ എയര്‍ക്രാഫ്റ്റ് ഡിവിഷന്‍ നാസിക്കിനു സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാസിക്കില്‍ നിന്ന് 24 കിലോമീറ്ററും മുംബൈയില്‍ നിന്ന് 200 കിലോമീറ്ററും അകലെയുള്ള ഒജാറിലാണ് എച്ച്എല്ലിന്റെ നാസിക് എയര്‍ക്രാഫ്റ്റ് ഡിവിഷന്‍.

Tags:    

Similar News