ആശങ്കകള്‍ അകലുന്നു; ഹജ്ജിന് നാളെ സമാപനം

ലോകം മുഴുവന്‍ കൊവിഡ് ഭീഷണിയുടെ നിഴലിലായിട്ടും ഒരു ഹാജിക്കും ഇതുവരെ കൊവിഡ് ലക്ഷണമില്ല. ഇത് അഭിമാനകരമായ നേട്ടമാണെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി.

Update: 2020-08-01 14:29 GMT

ആഷിക് ഒറ്റപ്പാലം

മക്ക: ആശങ്കകള്‍ നീങ്ങി ഹജ്ജ് കര്‍മം അവസാനഘട്ടത്തിലെക്ക്. നാളെ മൂന്ന് ജംറകളിലും കല്ലേറ് പൂര്‍ത്തിയാക്കി ഹാജിമാര്‍ മിനായോട് വിടപറയും. തുടര്‍ന്ന് വിശുദ്ധ കഅബയില്‍ ത്വാവാഫുല്‍ വിദാ (വിട പറയല്‍ പ്രദക്ഷിണം) പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ മക്കയില്‍ നിന്നും മടക്ക യാത്ര തുടങ്ങും.

ഹജ്ജ് ചരിത്രത്തിലെ അതുല്യ നാളുകളാണ് കടന്ന് പോയതെന്നും ഹജ്ജ് വിജയകരമാണെന്നും വിവിധ മന്ത്രാലയങ്ങള്‍ വ്യക്തമാക്കി. ഇനി ബാക്കിയുള്ളത് ജംറകളിലെ കല്ലേറ് കര്‍മം മാത്രമാണ്. ലോകം മുഴുവന്‍ കൊവിഡ് ഭീഷണിയുടെ നിഴലിലായിട്ടും ഒരു ഹാജിക്കും ഇതുവരെ കൊവിഡ് ലക്ഷണമില്ല. ഇത് അഭിമാനകരമായ നേട്ടമാണെന്നും സൗദി അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് സാഹചര്യം കാരണം ശാരീരിക അകലം പാലിച്ചാണ് ഈ വര്‍ഷം ഹജ്ജിന്റെ കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ഹജ്ജിനിടയില്‍ 93 ഹാജിമാര്‍ക്ക് വിവിധ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. കഴിഞ്ഞദിവസം മിനായിലും അറഫയിലും ചെറിയ തോതില്‍ മഴപെയ്തിരുന്നു. അത് കാരണം കാലാവസ്ഥാമാറ്റം മൂലമുള്ള ചെറിയ പ്രയാസങ്ങള്‍ ഹാജിമാര്‍ക്ക് നേരിട്ടു.

ഹാജിമാര്‍ ക്ലിനിക്കുകളില്‍ ചികിത്സ തേടിയെങ്കിലും കൊവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ആര്‍ക്കും ഉണ്ടായിരുന്നില്ല. പഴുതടച്ച സുരക്ഷ, ഘട്ടം ഘട്ടമായി ക്രമീകരിച്ച കര്‍മ്മങ്ങള്‍, ആരോഗ്യ വകുപ്പും ഹജ്ജ് മന്ത്രാലയവും ഒരുക്കിയ സുരക്ഷാ കവചം, കഅബക്കു ചുറ്റും പ്രത്യേകം ട്രാക്ക് വരച്ച ആദ്യമായി സൂക്ഷ്മതയോടെ കൂടിയുള്ള തവാഫ് തുടങ്ങിയ ക്രമീകരണങ്ങള്‍ മുസ്‌ലിം ലോകത്തിന് തന്നെ അഭിമാനകാരമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് 20 പേര്‍ ഹജ്ജില്‍ പങ്കാളികളായി. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്. എല്ലാവിധ നിയന്ത്രണങ്ങളോടെ ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ മുതല്‍ വാഹനങ്ങള്‍, മറ്റു മെഡിക്കല്‍ സംവിധാനങ്ങള്‍, ഭക്ഷണങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഹജ്ജ് മന്ത്രാലയം പൂര്‍ണ സൗജന്യമായാണ് നല്‍കിയത്.

Tags: