ഗ്യാന്‍വാപി മസ്ജിദ്: മതേതര വിശ്വാസികള്‍ മൗനം വെടിയണം- എസ് ഡിപിഐ

Update: 2024-02-01 08:36 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ മൗനം വെടിയണമെന്ന് എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി. ബാബരി മസ്ജിദിനെക്കുറിച്ചുള്ള അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് 1991ലെ ആരാധനാലയ നിയമം നടപ്പിലാക്കിയത്. അത്തരം അവകാശവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ കയ്യേറ്റത്തില്‍ നിന്ന് സംരക്ഷിക്കപ്പെടാനും ആരാധനാലയങ്ങളുടെമേല്‍ വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് മതസൗഹാര്‍ദം തകര്‍ക്കാതിരിക്കാനും വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്.

    '1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുന്നതാണെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇത് മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് മേലുള്ള അവകാശവാദങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അസന്ദിഗ്ധമായി ആവര്‍ത്തിക്കുന്നതാണ്. ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ചുള്ള എഎസ്‌ഐ സര്‍വേ റിപോര്‍ട്ട് പരസ്യമാക്കാനുള്ള വാരാണസി ജില്ലാ കോടതി ഉത്തരവ് ഹിന്ദുത്വ ഗ്രൂപ്പിന്റെ അഭിഭാഷകന്‍ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ്. മസ്ജിദിന് താഴെയുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിര്‍ണായകമാണെന്നാണ് ഇവരുടെ പ്രചാരണം. ഇത് സാമുദായിക വിഭജനത്തെ കൂടുതല്‍ ശക്തമാക്കുക എന്ന ദുരുദ്ദേശത്തിലാണ്. ഭരണഘടനയുടെ സംരക്ഷകരെന്ന് കരുതപ്പെടുന്നവര്‍ ആരാധനാലയങ്ങള്‍ക്ക് മേലുള്ള അവകാശ ഹരജികള്‍ അനുവദിക്കുന്നത് നിരാശാജനകമാണ്. രാമക്ഷേത്ര നിര്‍മാണം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തി ബാബരി മസ്ജിദിനെ കേന്ദ്രീകരിച്ച് വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ലെന്നും ഈ വിഷയത്തില്‍ രാജ്യത്തെ മതേതര വിശ്വാസികളുടെ മൂകത കൂടുതല്‍ അസ്വസ്ഥജനകമാണെന്നും മുഹമ്മദ് ഷെഫി അഭിപ്രായപ്പെട്ടു.

Tags:    

Similar News