ഗുരുഗ്രാമില്‍ ജുമുഅ തടസ്സപ്പെടുത്തല്‍; ഹരിയാനയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി

മുസ്‌ലിംകളെ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഹരിയാന പോലിസും സിവില്‍ ഭരണകൂടവും പരാജയപ്പെട്ടെന്ന് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Update: 2021-12-16 12:36 GMT

ന്യൂഡല്‍ഹി: ഗുരുഗ്രാമില്‍ ജുമുഅ നമസ്‌കാരം ഹിന്ദുത്വര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരേ രാജ്യസഭാ മുന്‍ എംപി മുഹമ്മദ് അദീബ് കോടതിയലക്ഷ്യ ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിച്ചു. മുസ്‌ലിംകളെ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നതില്‍ നിന്ന് തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഹരിയാന പോലിസും സിവില്‍ ഭരണകൂടവും പരാജയപ്പെട്ടെന്ന് അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് (ഡിജിപി) പി കെ അഗര്‍വാളിനും ചീഫ് സെക്രട്ടറി സഞ്ജീവ് കൗശലിനും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അദീബിന്റെ ആവശ്യം.

നമസ്‌കാരം തടസ്സപ്പെടുത്തിയ സംവങ്ങളില്‍ ഹിന്ദുത്വര്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേ പോലിസും ഭരണകൂടവും നടപടിയെടുത്തില്ലെന്നും ഗുരുഗ്രാമില്‍ ആവര്‍ത്തിച്ച് നമസ്‌കാരം തടഞ്ഞ് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് തിരിച്ചറിയാവുന്ന ഗുണ്ടകളെ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നും മുന്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) അംഗമായ അദീബ് ചൂണ്ടിക്കാട്ടി.

ഒരു പാര്‍പ്പിട സമുച്ചയത്തിന് സമീപമുള്ള തുറന്ന മൈതാനത്ത് നമസ്‌കരിക്കുന്നതിനെതിരേ ഹിന്ദു ഗ്രൂപ്പുകളും പ്രദേശവാസികളും എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഗുരുഗ്രാം അടുത്തിടെ കണ്ടു. പ്രാര്‍ത്ഥനയ്ക്കായി സര്‍ക്കാര്‍ അനുവദിച്ച സ്ഥലമാണിതെന്ന് നമസ്‌കാരം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഇവിടെ നമസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്ന തിട്ടൂരമാണ് ഇതിനെ എതിര്‍ക്കുന്നവരുടെ ഭാഗത്തുനിന്നുണ്ടാവുന്നത്.

സ്ഥലത്തിന്റെയും സൗകര്യങ്ങളുടെയും അഭാവം മൂലമാണ് തുറസ്സായ സ്ഥലത്ത് വെള്ളിയാഴ്ച നമസ്‌കാരം നടത്താന്‍ പ്രത്യേക അനുമതി നല്‍കിയതെന്ന് അദീബ് തന്റെ ഹര്‍ജിയില്‍ ആവര്‍ത്തിച്ചു.

ഡിസംബര്‍ 3ന് ഹിന്ദു സംഘടനകള്‍ വെള്ളിയാഴ്ച നമസ്‌കാരത്തെ എതിര്‍ത്തപ്പോള്‍ അനിയന്ത്രിത ഘടകങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സംഭവങ്ങള്‍ കൂടുതല്‍ വര്‍ദ്ധിച്ചുവെന്നും പിന്നീട് വലിയ ഗ്രൂപ്പുകള്‍ മറ്റു കേന്ദ്രങ്ങളിലും 'സാമുദായിക വിഭജന മുദ്രാവാക്യങ്ങള്‍' വിളിച്ചതായും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി.

'നിരന്തരമായ നിഷ്‌ക്രിയത്വം, സര്‍ക്കാര്‍ സംവിധാനത്തിന്റെ നിസ്സംഗത, പ്രാദേശിക നിയമ നിര്‍വ്വഹണ ഏജന്‍സികളുടെയും ഭരണകൂടത്തിന്റെയും പരാജയം, ഇത്തരം സംഭവങ്ങള്‍ തടയുന്നതിനോ അല്ലെങ്കില്‍ പ്രതിസന്ധി ഒരു ഭീകരതയിലേക്ക് നീങ്ങുന്നതിനുമുമ്പ് അതിന് പരിഹാരം കണ്ടെത്തുന്നതിനോ ഉള്ള പരാജയം തുടങ്ങിയവ കോടതീയലക്ഷ്യമായി പരിഗണിക്കണമെന്ന് തെഹ്‌സീന്‍ എസ് പൂനാവാല വിധിയില്‍ ബഹുമാനപ്പെട്ട കോടതി കൃത്യമായി സൂചിപ്പിച്ചിട്ടുണ്ടെന്നും ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Tags:    

Similar News