ഗുജറാത്തില്‍ നൂറ്റാണ്ട് പഴക്കമുള്ള പള്ളിയും ദര്‍ഗകളും ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റി

Update: 2023-05-23 14:34 GMT

അഹമ്മദാബാദ്: ഗുജറാത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളി ഉള്‍പ്പെടെ ഏഴ് ആരാധനാലയങ്ങള്‍ പൊളിച്ചുമാറ്റി. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് ദഹോദ് സ്മാര്‍ട്ട് സിറ്റി ഭരണകൂടം ആരാധനാലയങ്ങള്‍ തകര്‍ത്തത്. മസ്ജിദ് ട്രസ്റ്റ് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ തേടാനും ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനും ശ്രമം നടത്തുന്നതിനിടെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെ വന്‍ പോലിസ് സന്നാഹമെത്തി പൊളിച്ചുമാറ്റല്‍ തുടങ്ങിയത്. 450 ഓളം പോലിസുകാരെ വിന്യസിച്ചാണ് മസ്ജിദ് ഉള്‍പ്പെടെ തകര്‍ത്തത്. സമാധാനപരവും സൗഹാര്‍ദ്ദപരവുമായ രീതിയിലാണ് മസ്ജിദ് പൊളിച്ചുനീക്കിയതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Full View

    പള്ളിയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയോട് ട്രസ്റ്റ് വെള്ളിയാഴ്ച വരെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഹാജരാക്കിയ രേഖകള്‍ വിശ്വസനീയമല്ലെന്നാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നടത്തിപ്പിനായുള്ള ജില്ലാതല പാനലിന്റെ ഭാഗമായ ദഹോദ് പോലിസ് സൂപ്രണ്ട് ബല്‍റാം മീണ പറഞ്ഞത്. 'വെള്ളിയാഴ്ച വൈകീട്ട് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, പ്രാന്റ് ഓഫിസര്‍, മുനിസിപ്പാലിറ്റി ചീഫ് ഓഫിസര്‍ എന്നിവരുമായി പള്ളി അംഗങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ ട്രസ്റ്റ് അംഗങ്ങള്‍ സ്ഥലം പൊളിക്കാനുള്ള അനുമതി നല്‍കിയെന്നും സ്ഥലം ഒഴിയാന്‍ സമ്മതിച്ചതായും എസ് പി പറഞ്ഞു. അവര്‍ ഇതിനകം കെട്ടിടം ഒഴിപ്പിച്ചതിനാല്‍ ഞങ്ങള്‍ക്ക് പരിസരത്ത് പ്രവേശിക്കേണ്ടി വന്നില്ല. സ്ഥലത്ത് പോലിസ് വിന്യാസം നിലനില്‍ക്കും. എന്നാല്‍ പ്രശ്‌നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.

    ഗുജറാത്ത് മുനിസിപ്പാലിറ്റി ആക്ട് പ്രകാരം കൈയേറ്റം ആരോപിച്ച് സമീപത്തെ കടകള്‍ക്ക് നോട്ടീസ് നല്‍കിയതായി ട്രസ്റ്റ് അധികൃതര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കടകള്‍ മെയ് 15ന് പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ഹരജിക്കാരന്‍ ട്രസ്റ്റിന്റെ അധിക കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്ന നടപടിയാണ് സ്വീകരിച്ചത്. വെള്ളിയാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം ജുമുഅ നമസ്‌കാരത്തിന് ശേഷം പൊളിക്കുമെന്നും തിങ്കളാഴ്ചയാണ് ഭരണകൂടം അറിയിച്ചതെന്ന് മസ്ജിദ് കമ്മിറ്റി അംഗം പറഞ്ഞു. ഹൈക്കോടതിയും ഞങ്ങള്‍ക്ക് ഇളവ് നല്‍കിയില്ല. അതുകൊണ്ട് വെള്ളിയാഴ്ച ഉച്ചയോടെ ഞങ്ങളുടെ സാധനങ്ങള്‍ നീക്കം ചെയ്യാന്‍ പറഞ്ഞു. ഈ ആഴ്ച ആദ്യം അധികൃതര്‍ കോംപൗണ്ടിന്റെ ആറടി ഇടിച്ചുനിരത്തിയപ്പോള്‍ ഞങ്ങളുടെ ചില പ്രധാനപ്പെട്ട സാധനങ്ങള്‍ മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് ഹൈക്കോടതി നിലവില്‍ വേനല്‍ അവധിയിലായതിനാല്‍ ഹരജി ഇതുവരെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊളിക്കലിന് ശേഷവും തല്‍സ്ഥിതി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രസ്റ്റ് അധികൃരുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പള്ളി വഖഫ് സ്വത്തായതിനാല്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നതിന് മുമ്പ് വഖഫ് ബോര്‍ഡിന്റെ അംഗീകാരം വാങ്ങേണ്ടതായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 1926 മുതല്‍ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗത്ത് മസ്ജിദ് നിലവിലുണ്ടെന്നും 1953ലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തതെന്നും ട്രസ്റ്റ് വ്യക്തമാക്കി. മസ്ജിദ് തകര്‍ത്തതിന് തൊട്ടുപിന്നാലെ നാല് ക്ഷേത്രങ്ങളും മൂന്ന് ദര്‍ഗകളും പൊളിച്ചുമാറ്റിയതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News