മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്‌രിവാളിന് കാല്‍ ലക്ഷം പിഴയിട്ട് ഗുജറാത്ത് ഹൈക്കോടതി

Update: 2023-03-31 14:26 GMT

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എംഎ ബിരുദം സംബന്ധിച്ച വിവരങ്ങള്‍ ഡദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോട് നിര്‍ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ(സിഐസി) ഉത്തരവ് ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. സിഐസിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഗുജറാത്ത് സര്‍വകലാശാല നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി. 2016 ലെ ഉത്തരവ് ആണ് റദ്ദാക്കിയത്. ജസ്റ്റിസ് ബിരേന്‍ വൈഷ്ണവ് ആണ് വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട അരവിന്ദ് കെജ്‌രിവാളിന് 25,000 രൂപയടക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 1978ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും 1983ല്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയുടെ വാദം. സംഭവത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും എന്നാല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍വകലാശാലയെ നിര്‍ബന്ധിക്കാനാവില്ലെന്നും കഴിഞ്ഞ ഹിയറിങ്ങില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സി കവീനയാണ് കേസില്‍ കെജ്‌രിവാളിന് വേണ്ടി ഹാജരായത്.

Tags: