ദലിതുകള്‍ക്ക് ക്ഷേത്രം അനുവദിക്കുന്നില്ലെന്ന് എഫ്.ബി പോസ്റ്റ്; ഗുജറാത്തില്‍ ദലിത് ദമ്പതികള്‍ക്ക് നേരെ സവര്‍ണരുടെ ആക്രമണം

ദലിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. അക്രമികളുടെ പൂര്‍ണ വിവരങ്ങള്‍ പോലിസിന് കൈമാറിയിട്ടും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

Update: 2019-05-25 08:24 GMT

അഹമ്മദാബാദ്: ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഗുജറാത്തില്‍ ദലിത് ദമ്പതികള്‍ക്ക് നേരെ സവര്‍ണരുടെ ആക്രമണം. സവര്‍ണ വിഭാഗത്തില്‍പ്പെട്ട ഇരുനൂറോളം യുവാക്കളുടെ നേതൃത്വത്തിലാണ് ദലിത് ദമ്പതികളെ പരസ്യമായി മര്‍ദിച്ചത്.

ദലിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. വഡോദരയില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. വഡോദരയിലെ പട്ര വില്ലേജിലെ പ്രവീണ്‍-തരുലദാബെന്‍ മക്‌വാന ദമ്പതികളാണ് മര്‍ദനത്തിന് ഇരയായത്. അക്രമികള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

വ്യാഴാഴ്ച്ച ദലിത് യുവതി പോലിസ് സ്‌റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം വാര്‍ത്തയായത്. ദലിത് കുടുംബത്തെ ആക്രമിച്ചതിന് 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് അറിയിച്ചു.

ദലിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രം അനുവദിക്കാത്തത് ചോദ്യം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് ആക്രമണം. ദലിത് ദമ്പതികളുടെ വീട് ആക്രമിച്ച സംഘം ദമ്പതികളെ വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചതായി പരാതിയില്‍ പറയുന്നു. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ഇരുനൂറിലധികം സവര്‍ണര്‍ തങ്ങള്‍ക്കെതിരെ വധഭീഷണിയുമായാണ് എത്തിയതെന്ന് യുവതി പറഞ്ഞു. വീട്ടിലേക്ക് അതിക്രമിച്ച കയറാന്‍ ശ്രമിച്ച അക്രമികളെ തടയാന്‍ ശ്രമിച്ചത യുവതിയുടെ മുഖത്തടിച്ചു. ഭര്‍ത്താവിനേയും തന്നേയും ആള്‍ക്കൂട്ടം മര്‍ദിച്ചതായും ഇവര്‍ പരാതിയില്‍ പറയുന്നു. ക്രൂരമായ മര്‍ദനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. അക്രമികളുടെ പൂര്‍ണ വിവരങ്ങള്‍ പോലിസിന് കൈമാറിയിട്ടും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

Tags:    

Similar News