ഗ്രോ വാസുവിന്റേത് ജാമ്യനിഷേധ സമരം; എസ് ഡിടിയു പ്രതിഷേധ സംഗമം നടത്തി

Update: 2023-08-18 16:32 GMT

പൊറ്റമ്മല്‍(കോഴിക്കോട്): ഭരണഘടനാപരമായും സമാധാനപരമായും പ്രതിഷേധിക്കുന്നവരെ കള്ളക്കേസ് ചുമത്തി പിഴയടപ്പിക്കുന്നതിനെതിരേയാണ് വാസുവേട്ടന്റെ ജാമ്യനിഷേധ സമരമെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ് ഡിടിയു) സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍. എസ് ഡിടിയു കോഴിക്കോട് ജില്ലാ കമ്മിറ്റി പൊറ്റമ്മലില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസുവേട്ടന്‍ കോടതി വരാന്തയില്‍ വച്ച് പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് കാപട്യത്തെ തുറന്നുകാട്ടി. ഇത് ജനങ്ങള്‍ തിരിച്ചറിയുന്ന കാലം വരും. ഇങ്ങനെ അപ്രിയ സത്യങ്ങല്‍ പറയുന്നവരെ ജയിലിലടയ്ക്കുന്ന നടപടികളുടെ ഭാഗമാണ് 94 വയസ്സുള്ള വാസുവേട്ടനെ കള്ളക്കേസ് ചുമത്തി കോടതിയില്‍ എത്തിച്ചത്. തെറ്റ് സമ്മതിച്ച് പിഴ അടയ്ക്കാനോ, ജാമ്യത്തില്‍ പുറത്ത് വരാനോ അദ്ദേഹം തയ്യാറായില്ല. കാരണം തെറ്റ് ചെയ്യാത്തവരെ കോടതി കയറ്റി പിഴയടപ്പിച്ച് ഖജനാവ് നിറയ്ക്കുന്നതിനെതിരെ കൂടിയാണ് വാസുവേട്ടന്റെ സമരം. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കാന്‍ വേണ്ടി ജനങ്ങളുടെ മേല്‍ അന്യായമായി പെറ്റിയും പിഴയും ഏര്‍പ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ് ഡിടിയു ജില്ലാ പ്രസിഡന്റ് ഹുസയ്ന്‍ മണക്കടവ് അധ്യക്ഷത വഹിച്ച. സംസ്ഥാന സെക്രട്ടറി സലീം കാരാടി, സംസ്ഥാന സമിതി അംഗം ഇസ്മായില്‍ കമ്മന, എസ്ടിയു ജില്ലാ ഖജാഞ്ചി എ ടി അബ്ദു, എസ്എംടിയു കണ്‍വീനര്‍ ഇ എം ഹമീദ്, കെഎഡിഎഫ് നേതാക്കളായ പ്രജോഷ്, ബാലഗംഗാധരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ഖജാഞ്ചി ഇ പി അന്‍വര്‍, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ബിഎസ്പി ജില്ലാ സെക്രട്ടറി കെ ടി വാസു, എസ്ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് കരുവംപൊയില്‍, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്കുമാര്‍ സംസാരിച്ചു.

Tags:    

Similar News