സര്‍വകലാശാലകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ല; മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി

രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോളേജുകളെയും സര്‍വകലാശാലകളെയും അതില്‍നിന്ന് ഒഴിവാക്കണം. എന്തു വില കൊടുക്കേണ്ടി വന്നാലും സര്‍ക്കാര്‍ രാഷ്ട്രീയ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ല.

Update: 2019-12-30 01:11 GMT

കൊല്‍ക്കത്ത: വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയാക്കാന്‍ എന്തു വിലകൊടുക്കേണ്ടി വന്നാലും അനുവദിക്കില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാല്‍. പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രക്ഷോഭം ഇനിയും കെട്ടടങ്ങാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കോളേജുകളെയും സര്‍വകലാശാലകളെയും അതില്‍നിന്ന് ഒഴിവാക്കണം. വളരെ അകലെ നിന്നാണ് വിദ്യാര്‍ഥികള്‍ പലരും അവിടെ പഠിക്കാനെത്തുന്നത്. എന്തു വില കൊടുക്കേണ്ടി വന്നാലും നരേന്ദ്ര മോദി സര്‍ക്കാര്‍ രാഷ്ട്രീയ നീക്കങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയെപ്പറ്റി പ്രതിപക്ഷം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പൊഖ്രിയാല്‍ ആരോപിച്ചു. രാജ്യത്തെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നതിന് പിന്നില്‍ കോണ്‍ഗ്രസാണ്. അവര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. 2005 ല്‍ എംപി ആയിരുന്ന കാലത്ത് പശ്ചിമ ബംഗാളിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി പ്രതിഷേധിച്ചിരുന്നുവെന്നും പൊഖ്രിയാല്‍ ചൂണ്ടിക്കാട്ടി.

പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ മൂല്യങ്ങളുമായി ബന്ധപ്പെടുത്തി ഉള്ളതാവും. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നത്. ഇന്ത്യയെ കേന്ദ്രീകരിച്ച് ഉള്ളതാവും അതെന്നും മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ജെഎന്‍യു, ജാമിഅ മില്ലിയ, ഡല്‍ഹി സര്‍വകലാശാല, ജാദവ്പുര്‍ യൂനിവേഴ്‌സിറ്റി, പ്രസിഡന്‍സി യൂനിവേഴ്‌സിറ്റി തുടങ്ങിയ സർവകലാശാലയിലെ വിദ്യാര്‍ഥികൾ കഴിഞ്ഞ ഇരുപതോളം ദിവസമായി പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ട്.  

Tags:    

Similar News