നാല് വന്‍കിട അണക്കെട്ടുകള്‍ കൂടി നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്

പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടികാരപ്പാറ എന്നിവയാണ് പരിഗണനയിലുള്ളത്.

Update: 2019-06-03 03:42 GMT

തിരുവനന്തപുരം: പ്രളയം തടയാന്‍ സഹായിക്കുമെന്ന വാദമുയര്‍ത്തി നാലു വന്‍കിട അണക്കെട്ടുകള്‍കൂടി നിര്‍മിക്കാന്‍ കേരള സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപോര്‍ട്ട്. പെരിങ്ങല്‍ക്കുത്ത്, പൂയംകുട്ടി, അച്ചന്‍കോവില്‍, കുര്യാര്‍കുട്ടികാരപ്പാറ എന്നിവയാണ് പരിഗണനയിലുള്ളത്. പെരിങ്ങല്‍ക്കുത്തില്‍ ഇപ്പോള്‍ ഒരു അണക്കെട്ടുണ്ട്. ഇവിടെ പുതുതായി വലിയൊരു അണക്കെട്ടുകൂടി നിര്‍മിക്കാനുള്ള നിര്‍ദേശം സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. മറ്റുള്ള അണക്കെട്ടുകള്‍ക്ക് നേരത്തേ പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍, പാരിസ്ഥിതികാനുമതി കിട്ടാത്തതുള്‍പ്പെടെയുള്ള തടസ്സങ്ങള്‍ കാരണമാണ് നടക്കാതിരുന്നത്.

വെള്ളപ്പൊക്ക നിയന്ത്രണത്തോടൊപ്പം വൈദ്യുതി ഉല്‍പ്പാദനവും ലക്ഷ്യമിട്ടാണ് പുതിയ അണക്കെട്ടുകള്‍ക്ക് പദ്ധതി തയ്യാറാക്കുന്നത്. കുര്യാര്‍കുട്ടികാരപ്പാറ പദ്ധതിക്ക് വിശദമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപ്പെടുത്താന്‍ ജലവിഭവ വകുപ്പ് തീരുമാനിച്ചു. പൂയംകുട്ടിയിലും അച്ചന്‍കോവിലിലും അണക്കെട്ടുകള്‍ക്ക് മുമ്പേ നിര്‍ദേശങ്ങളുയര്‍ന്നിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഇപ്പോള്‍ സാധ്യമാണോ എന്നാരാഞ്ഞ് കേന്ദ്ര ജലക്കമ്മിഷന്‍ കത്തയച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ആഗസ്തിലുണ്ടായ പ്രളയത്തിന്റെ ആഘാതം കുറച്ചത് അണക്കെട്ടുകളാണെന്നാണ് ജലക്കമ്മിഷന്റെ നിലപാട്. 

Tags: