ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി; കേരള, എംജി, മലയാളം സര്‍വകലാശാലകളിലെ വിസി നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികള്‍ സ്‌റ്റേ ചെയ്തു

Update: 2024-07-19 16:29 GMT

കൊച്ചി: സംസ്ഥാന സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി. കേരള, എംജി, മലയാളം സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്ന് സര്‍വകലാശാലകളിലും സ്വന്തം നിലയിലാണ് സേര്‍ച്ച് കമ്മിറ്റികള്‍ രൂപീകരിച്ചിരുന്നത്. ഇതിനെതിരായ ഹരജിയിലാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. സേര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ നോമിനിയെ നല്‍കാഞ്ഞതിനാല്‍ രണ്ടംഗ കമ്മിറ്റിയുമായി ഗവര്‍ണര്‍ മുന്നോട്ടുപോയിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിലേക്കും നയിച്ചിരുന്നു. കേരള, എംജി സര്‍വകലാശാലകളിലെ സെനറ്റ് അംഗങ്ങളും മലയാളം സര്‍വകലാശാലയില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടുമാണ് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസവും സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടിരുന്നു. കുഫോസില്‍(കേരള ഫിഷറീസ് സര്‍വകലാശാല) വൈസ് ചാന്‍സലറെ നിയമിക്കുന്നതിനായി സേര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയ നടപടിയാണ് വ്യാഴാഴ്ച ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നത്. സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ തുടര്‍നടപടികള്‍ ഒരു മാസത്തേക്കാണ് ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ സ്റ്റേ ചെയ്തത്. ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവര്‍ രണ്ടാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

Tags: