സര്‍ക്കാര്‍ നടപടികള്‍ കശ്മീരികളെ സായുധപ്രവര്‍ത്തനത്തിലേക്കു നയിക്കുന്നുവെന്നു ചിദംബരം

Update: 2019-03-03 14:11 GMT

ചെന്നൈ: സര്‍ക്കാരിന്റെ സൈനിക നടപടികളാണ് ജമ്മുകശ്മീരിലെ യുവാക്കളെ സായുധസംഘടനകളിലേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ചെന്നൈയില്‍ സംഘടിപ്പിച്ച തന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. മിക്ക കാര്യങ്ങളിലും സ്വയം ഭരണമാണ് കശ്മീരികള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ സൈനിക ശക്തി ഉപയോഗിച്ചു അവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനാണു നാം ശ്രമിക്കുന്നത്. ഇത്തരം നിലപാടുകളാണ് കശ്മീരി യുവാക്കളെ സായുധസംഘടനകളിലേക്കു നയിക്കുന്നത്. ഇതൊഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ കശ്മീരി ജനതയുമായി കൂടുതല്‍ അടുക്കണം. അങ്ങനെ കശ്മീരികളെ തിരികെ കൊണ്ടുവരണം. ഇതിനൊരുപക്ഷേ ഒന്നോ രണ്ടോ വര്‍ഷങ്ങളെടുത്തേക്കാം. എന്നാലും അവരുമായി അടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. സ്വയംഭരണത്തിനായുള്ള അവരുടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നു അവരെ ബോധ്യപ്പെടുത്തണം. നിര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസടക്കമുള്ള സര്‍ക്കാരുകള്‍ ഇതിനു വിരുദ്ധമായാണു പ്രവര്‍ത്തിക്കാറ്. വാജ്‌പേയിയും മന്‍മോഹന്‍ സിങും മാത്രമാണ് കുറച്ചെങ്കിലും പക്വതയോടെ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും ചിദംബരം പറഞ്ഞു. 

Tags: