ഗാന്ധിജിയെ കൊന്ന ഗോഡ്‌സേ ദേശഭക്തനെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തക്കതായ മറുപടി ലഭിക്കുമെന്നും അവര്‍ പറഞ്ഞു.

Update: 2019-05-16 10:25 GMT

ഭോപ്പാല്‍: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്ന നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തനെന്ന് ബിജെപിയുടെ ഭോപ്പാല്‍ മണ്ഡലം സ്ഥാനാര്‍ഥി പ്രജ്ഞാ സിങ് താക്കൂര്‍. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ തക്കതായ മറുപടി ലഭിക്കുമെന്നും അവര്‍ പറഞ്ഞു. നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു. ഇപ്പോഴും ദേശഭക്തനാണ്. ഇനിയും ദേശഭക്തനായി തന്നെ തുടരും. അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കുന്നവര്‍ സ്വയം പരിശോധന നടത്തണം. അവര്‍ക്ക് ജനം തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും-മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞാ സിങ് പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നുവെന്ന മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്റെ പ്രസ്താവനയാണ് ഗോഡ്‌സെയെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാക്കിയത്. ഈ പ്രസ്തവാനയ്‌ക്കെതിരേ ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും കടുത്ത പ്രതിഷേധവുമായി എത്തിയിരുന്നു. അറവാക്കുറിച്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നുമുള്ള പ്രസ്താവന കമല്‍ ഹാസന്‍ നടത്തിയത്.

നേരത്തേ, എടിഎസ് മേധാവി ഹേമന്ത് കര്‍ക്കരെ മുംബൈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്ന പ്രജ്ഞാ സിങിന്റെ പ്രസ്താവന വിവാദമായിരുന്നു.  

Tags:    

Similar News