കൊറോണയ്ക്കു ഗോമൂത്ര ചികില്‍സ; അടിയന്തര പ്രമേയത്തിന് ഹൈബി ഈഡന്റെ നോട്ടീസ്

Update: 2020-03-16 05:36 GMT

ന്യൂഡല്‍ഹി: കൊറോണയ്ക്കു ഗോമൂത്ര ചികില്‍സയെന്ന വിധത്തില്‍ സമൂഹത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ സൃഷ്ട്ടിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ തടയിടാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എംപി അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.

    മാരകമായ ഒരു മഹാമാരിക്കെതിരേ ലോകം മുഴുവന്‍ സംയുക്തമായി പോരാടുകയാണ്. പകര്‍ച്ച വ്യാധി പടരുന്നതിന് മുമ്പ് രാജ്യത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരേ പോരാടേണ്ട നിര്‍ഭാഗ്യകരമായ അവസ്ഥയിലാണ്. ഈ ആധുനിക കാലഘട്ടത്തിലും നമ്മുടെ രാജ്യം ഇതുവരെ കാണാത്തതുപോലെയുള്ള അന്ധവിശ്വാസ പ്രചരണങ്ങളാണ് നടക്കുന്നത്. മാരകമായ ഒരു വൈറസിനെതിരേ വളരെ ശാസ്ത്രീയമായി പോരാടേണ്ട സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള തെറ്റായ മാതൃകകള്‍ ഒരു ഭരണക്ഷി രാഷ്ട്രീയ പാര്‍ട്ടിയുടെ അനുയായികളില്‍ നിന്നുണ്ടാവുന്നത്. ഭരണകക്ഷിയിലെ ആളുകള്‍ പ്രചരിപ്പിക്കുന്ന ഇത്തരം തെറ്റായ വാദങ്ങള്‍ സമൂഹത്തില്‍ വളരെയേറെ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. ഇത്തരം പ്രവൃത്തികള്‍ മാരകമായ വൈറസിനെതിരേ ലോകം മുഴുവന്‍ പോരാടുമ്പോള്‍ അവരുടെ കഠിനാധ്വാനത്തെ പോലും പരിഹസിക്കുന്നതിന് തുല്യമാണ് ഇതിനെതിരേയുള്ള സര്‍ക്കാരിന്റെ നിഷബ്ദതയെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തി.




Tags: