ജിഎൻ സായിബാബയുടെ പരോൾ നിഷേധിക്കാൻ ഉപയോഗിച്ചത് തെറ്റായ പോലിസ് റിപോർട്ടെന്ന് കുടുംബം.

ഒരു കുടുംബാംഗങ്ങളും സായിബാബയെ കാണാൻ തയാറല്ലെന്ന വ്യാജ റിപോർട്ട് നൽകി

Update: 2020-08-06 16:15 GMT

മുംബൈ: പ്രഫ. ജിഎൻ സായിബാബയുടെ പരോൾ നിഷേധിക്കാൻ ഉപയോഗിച്ചത് തെറ്റായ പോലിസ് റിപോർട്ടെന്ന് കുടുംബം. സായിബാബയുടെ അമ്മ ആ​ഗസ്ത് ഒന്നിന് അന്തരിച്ചപ്പോൾ അടിയന്തര പരോളിനായി അദ്ദേഹം അപേക്ഷിച്ചിരുന്നു. പരോൾ നിഷേധിക്കാൻ നാഗ്പൂർ ജയിൽ സൂപ്രണ്ട് ഉപയോഗിച്ച ഹൈദരാബാദിലെ മൽകാജ്​ഗിരി പോലിസിന്റെ അന്വേഷണ റിപോർട്ട് തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് കുടുംബം പറഞ്ഞു.

സായിബാബയുടെ അമ്മയുടെ നിര്യാണത്തെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷൻ ഇൻസ്പെക്ടർ സന്ദർശിച്ചതായും ഒരു കുടുംബാംഗങ്ങളും സായിബാബയെ കാണാൻ തയാറല്ലെന്നും ഏതെങ്കിലും അധികാരികളുടെ മുമ്പാകെ ഹാജരാക്കാമെന്ന് ഉറപ്പ് നൽകിയിട്ടില്ലെന്നും മൽകാജ്​ഗിരി പോലിസ് റിപോർട്ടിൽ പറയുന്നു സായിബാബയുടെ ഭാര്യയും മകളും ഡൽഹിയിലാണ് താമസിക്കുന്നതെന്നും അമ്മ അന്തരിച്ച ദിവസം തന്നെ അദ്ദേഹത്തിന്റെ ശവസംസ്കാരം നടത്തിയെന്നും പരോളിൽ ഹൈദരാബാദ് സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അമ്മയുടെ മരണ ദിവസം സായിബാബ സമർപ്പിച്ച അടിയന്തര പരോൾ അപേക്ഷ നിരസിക്കുവാൻ നാഗ്പൂർ ജയിൽ അധികൃതർ ഈ റിപോർട്ടിനെ ആശ്രയിച്ചിരുന്നു. ആ​ഗസ്ത് 4 ന് മൽകാജ്ഗിരി പോലിസ് സ്റ്റേഷനിൽ നിന്ന് റിപോർട്ട് ലഭിച്ചതായും അത് പ്രതികൂലമാണെന്നും പ്രസ്താവിച്ചുകൊണ്ട് ജയിൽ സൂപ്രണ്ട് എഎം കുമ്റെ സായിബാബയുടെ അപേക്ഷ നിരസിക്കുന്നതിനുള്ള രണ്ട് കാരണങ്ങൾ പറയുന്നു- അമ്മയുടെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയായി, രണ്ടാമതായി ഒരു കുടുംബാംഗങ്ങളും അധികാരികളുടെ മുമ്പിൽ അദ്ദേഹം ഹാജരാക്കാമെന്ന് ഉറപ്പ് നൽകാൻ ആരും തയാറല്ല. മാവോവാദി ബന്ധമാരോപിച്ച് യു‌എ‌പി‌എ പ്രകാരം ശിക്ഷിക്കപ്പെട്ടതിനാലും അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു.

തികച്ചും അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ലോക്കൽ പോലിസ് സ്റ്റേഷനിൽ നിന്ന് രണ്ട് കോൺസ്റ്റബിൾമാർ തന്റെ വീട്ടിലെത്തിയെന്നും സായിബാബയുടെ ഭാര്യയെയും മകളെയും കുറിച്ചും ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തെ കാണാൻ തയാറാണോ എന്ന് അവർ എന്നോട് ചോദിച്ചിട്ടില്ല. അവർ ആഗ്രഹിക്കുന്ന ഏത് ഉറപ്പും നൽകാൻ ഞങ്ങൾ തയാറാണ്. എന്റെ സഹോദരന് ഓടിപ്പോകാൻ കഴിയില്ല, അവന് തനിയെ നീങ്ങാൻ കഴിയില്ല, എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

മൂത്തമകനായതിനാൽ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കണമെന്ന് കുടുംബം ആഗ്രഹിക്കുന്നുണ്ടെന്നും അവസാന ചടങ്ങുകൾ നടത്തണമെന്നാണ് അവരുടെ അമ്മയുടെ അവസാന ആഗ്രഹമെന്നും രാമദേവു പറഞ്ഞു. ഇവരുടെ അമ്മ സൂര്യവതി ഗോകരകോണ്ട (74) കാൻസർ ബാധിച്ച് ആ​ഗസ്ത് 1ന് മരണപ്പെട്ടിരുന്നു. ആ​ഗസ്ത് 4 ന് പരോൾ അപേക്ഷ നിരസിക്കുകയായിരുന്നു.  

Tags: