'മാന്യമായ ഖബറടക്കം നല്‍കുന്നത് ദൈവത്തെ സേവിക്കലാണ്'

പോപുലർ ഫ്രണ്ട്, എസ്ഡിപിഐ, മുസ്‌ലിം മുന്നേറ്റ കഴകം എന്നീ സംഘടനകളാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

Update: 2020-06-28 19:10 GMT

ചെന്നൈ: കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് വിവിധ കാരണങ്ങളാല്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ കഴിയാത്തതിനാല്‍ ചില മത-രാഷ്ട്രീയസംഘടനകളുടെ സന്നദ്ധപ്രവര്‍ത്തകരാണ് തമിഴ്‌നാട്ടില്‍ ഈ ഉദ്യമം ഏറ്റെടുത്തിരിക്കുന്നത്. പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, മുസ്ലിം മുന്നേറ്റകഴകം എന്നീ സംഘടനകളാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സജീവമായി രംഗത്തുള്ളത്. പുതുച്ചേരിയിലെ ഒരു ശ്മശാനത്തില്‍ ചെന്നൈ നിവാസിയുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവം പുറത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് അധികൃതരെ സമീപിച്ച് ബന്ധുക്കള്‍ക്ക് ഖബറടക്കം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ തങ്ങളത് ചെയ്യാമെന്ന് അറിയിച്ചിരുന്നതായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറി എം നഗൂര്‍ മീരാന്‍ പറയുന്നു. ഇത്തരം മൃതദേഹങ്ങള്‍ ഖബറടക്കാന്‍ ചെന്നൈയിലെ ചില ആശുപത്രികളില്‍നിന്നും ഞങ്ങള്‍ക്ക് കോളുകള്‍ വന്നിട്ടുണ്ട്. ചെന്നൈയില്‍ 63 ഉം പുതുച്ചേരിയില്‍ 11 ഉം മൃതദേഹങ്ങള്‍ ഇതുവരെ ഞങ്ങള്‍ ഖബറടക്കി.

ലോകാരോഗ്യസംഘടനയും സംസ്ഥാന ആരോഗ്യവകുപ്പും നിര്‍ദേശിക്കുന്ന സുരക്ഷാമാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് മൃതദേഹം സംസ്‌കരിക്കുന്നതില്‍ ഏര്‍പ്പെടുന്നത്. ചില കേസുകളില്‍, മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ സമീപിക്കുന്നത് മാന്യമായി സംസ്‌കാരം നടത്താന്‍ സാധിക്കാത്തതിനാലാണ്. ആചാരാനുഷ്ഠാനങ്ങള്‍ നടത്തിയ ശേഷമാണ് സന്നദ്ധപ്രവര്‍ത്തകര്‍ മൃതദേഹം സംസ്‌കരിക്കുന്നത്. ചിലപ്പോള്‍, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെ വിശ്വാസത്തിനും ആചാരത്തിനും അനുസൃതമായി ആചാരങ്ങള്‍ നടത്തുന്നു. കോര്‍പറേഷന്‍ തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹം കുഴിയിലേക്ക് താഴ്ത്തി ശരിയായി അടക്കുക എന്നതാണ് ഞങ്ങളുടെ ജോലി. മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് കുഴിക്ക് 12 അടി ആഴമുണ്ടായിരിക്കണം. 69 മൃതദേഹങ്ങള്‍ ഇതുവരെ സംസ്‌കരിച്ചെന്ന് എസ്ഡിപിഐയുടെ കോ-ഓഡിനേറ്റര്‍ എ കെ കരിം പറഞ്ഞു.

എല്ലാം സൗജന്യമായാണ് ചെയ്യുന്നത്. മതം നോക്കാതെ ഞങ്ങള്‍ ജനങ്ങളെ സേവിക്കുന്നു. മരിച്ചയാളോട് അനാദരവ് കാണിക്കരുത്. മാന്യമായ സംസ്‌കാരം നല്‍കുന്നത് ദൈവത്തെ സേവിക്കുകയാണ്. 86 മൃതദേഹങ്ങള്‍ ചെന്നൈയില്‍ അടക്കം ചെയ്യാന്‍ ടിഎംഎംകെക്ക് സാധിച്ചിട്ടുണ്ട്. ചില കുടുംബാംഗങ്ങള്‍ പണം വാഗ്ദാനം ചെയ്യുമ്പോഴും സന്നദ്ധപ്രവര്‍ത്തകര്‍ അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നും തമിഴ്നാട് മുസ്ലിം മുന്നേറ്റകഴകത്തിന്റെ കോ-ഓഡിനേറ്റര്‍ ഖുര്‍ഷിദ് ഹുസൈന്‍ പറഞ്ഞു.

Similar News