അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങി
നേരത്തേ സെനഗലില്‍ പിടിയിലായ രവി പൂജാരി ജാമ്യം നേടിയ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു
കേപ്ടൗണ്‍: അധോലോക കുറ്റവാളി രവി പൂജാരി ദക്ഷിണാഫ്രിക്കയില്‍ അറസ്റ്റിലായെന്ന റിപോര്‍ട്ടിനു പിന്നാലെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലിസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. നേരത്തേ സെനഗലില്‍ പിടിയിലായ രവി പൂജാരി ജാമ്യം നേടിയ ശേഷം ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരന്തരം ഇടപെട്ടതിനു പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്. കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നാണ് ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളുടെ സഹായത്തോടെ ഇയാളെ പിടികൂടിയതെന്നാണു റിപോര്‍ട്ടുകള്‍. ഇദ്ദേഹത്തെ പിന്നീട് സെനഗലില്‍ എത്തിക്കുകയായിരുന്നു. ബുര്‍ക്കിനഫാസോ പാസ്പോര്‍ട്ട് ഉപയോഗിച്ച് ആന്റണി ഫെര്‍ണാണ്ടസ് എന്ന വ്യാജ പേരിലാണ് രവി പൂജാരി ആഫ്രിക്കയില്‍ താമസിച്ചിരുന്നത്. ഇന്ത്യയില്‍ രവി പൂജാരിക്കെതിരേ കൊലക്കേസ് ഉള്‍പ്പെടെ 200ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈയിടെ സിനിമാതാരത്തിന്റെ ഉടമസ്ഥതയില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി പാര്‍ലറിനു നേരെയുണ്ടായ വെടിവയ്പിനു പിന്നിലും രവി പൂജാരിക്ക് പങ്കുണ്ടെന്ന് സംശയമുയര്‍ന്നിരുന്നു.