പശുവിന് മുസ് ലിം തൊപ്പി ധരിപ്പിച്ച് തമാശ വീഡിയോ; പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്തു (വീഡിയോ)
ഭോപ്പാല്‍: തെരുവില്‍ അലഞ്ഞ് നടക്കുന്ന പശുവിന് മുസ് ലിംകള്‍ ധരിക്കുന്ന തൊപ്പി ധരിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരേ കേസെടുത്ത് മധ്യപ്രദേശ് പോലിസ്. ഹിന്ദുത്വ ഗോ രക്ഷാ സംഘത്തിന്റെ പരാതിയെ തുടര്‍ന്നാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഫെബ്രുവരി 19ന് മധ്യപ്രദേശിലെ ഗുന ജില്ലയിലാണ് സംഭവം. പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദ്യാര്‍ത്ഥികള്‍ പശുക്കള്‍ക്ക് ഇസ്‌ലാമിക തൊപ്പി ധരിപ്പിക്കുന്ന വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 'അത്താഴത്തിന് ശേഷമുള്ള വിനോദം' എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്. ഇതാണ് പ്രാദേശിക ഗോരക്ഷ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് കാരണമായത്.
വീഡിയോ കണ്ടതിനെ തുടര്‍ന്ന് ഗോരക്ഷ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ നടപടി ആവശ്യപ്പെട്ടു. 'ഹിന്ദു വിശ്വാസികളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്. നമ്മുടെ വിശ്വാസത്തിന്റെ പ്രതീകമായ പശുവിന് മറ്റൊരു മതത്തിന്റെ ചിഹ്നമായ തൊപ്പി ധരിപ്പിച്ചത് ഞങ്ങളുടെ വിശ്വാസത്തെ വേദനിപ്പിച്ചു. ശക്തമായ നടപടിയെടുക്കണം,'. വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ലഭിച്ചതായി പറയുന്ന മോനു എന്ന വ്യക്തി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഗുനയിലെ കാന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഗോരക്ഷ പ്രവര്‍ത്തകര്‍ പരാതി നല്‍കി. അതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവം അറിഞ്ഞതോടെ കുട്ടികളില്‍ ഒരാളുടെ മാതാവ് പൊലീസ് സ്റ്റേഷനിലെത്തി മാപ്പ് ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ തെറ്റ് ചെയ്തതായി സമ്മതിക്കുകയും മതവിശ്വാസം മുറിവേല്‍പ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കാനും തയ്യാറാണെന്ന് അവര്‍ അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും, അത് കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഹിന്ദുത്വ സംഘം പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല.

