പോലിസിന്റെയും അധികൃതരുടെയും അലംഭാവം; ആള്‍കൂട്ട ആക്രമണക്കേസുകളില്‍ പ്രതികള്‍ രക്ഷപ്പെടുന്നതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച്
മുസ്ലിം, ദലിത്, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേ ഗോസംരക്ഷണ സംഘങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ബിജെപി അധികാരത്തിലേറിയതിനു പിന്നാലെ രാജ്യത്ത് പശുവിന്റെ പേരില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകക്കേസുകളിലെ പ്രതികള്‍ പോലിസിന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവംമൂലം ശിക്ഷിക്കപ്പെടാതെ പോവുന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് റിപോര്‍ട്ട്. മുസ്ലിം, ദലിത്, മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്നിവര്‍ക്കെതിരേ ഗോസംരക്ഷണ സംഘങ്ങള്‍ നടത്തുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാവണമെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് ആവശ്യപ്പെട്ടു.
ബീഫ് കൈവശം വയ്ക്കല്‍, പശുഹത്യ, കാലിക്കടത്ത് എന്നിവ ആരോപിച്ച് 2015 മേയ് മാസത്തിനും 2018 ഡിസംബറിനു ഇടയില്‍ 36 മുസ്ലിംകള്‍ ഉള്‍പ്പെടെ 44 പേരെ ഗോസംരക്ഷണ സംഘങ്ങള്‍ കൊലപ്പെടുത്തിയതായി പഠനങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ബിജെപി അധികാരത്തിലേറിയതിനു പിന്നാലെ വിദ്വേഷ പ്രസംഗങ്ങളില്‍ 500 ശതമാനം വര്‍ധനവുണ്ടായതായും ന്യൂഡല്‍ഹി ടെലിവിഷന്‍ നടത്തിയ സര്‍വെയെ ഉദ്ധരിച്ച് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഇത്തരം പ്രസംഗങ്ങളില്‍ 90 ശതമാനം നടത്തിയതും ബിജെപി നേതാക്കളാണെന്നും റിപോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
2014 മെയില്‍ ബിജെപി അധികാരത്തിലേറിയതിനു ശേഷമാണ് ഈ ആക്രമണങ്ങളില്‍ 90 ശതമാനവും അരങ്ങേറിയത്. 66 ശതമാനം ആക്രമണങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനത്താണെന്നും റിപോര്‍ട്ടിലുണ്ട്.
ഗോ സംരക്ഷകര്‍ നടത്തിയ 11 ആക്രമണങ്ങള്‍ വിശദ പഠനത്തിന് വിധേയമാക്കിയപ്പോള്‍ ഇതില്‍ ഒന്നില്‍ പോലും പ്രതികളെ ശിക്ഷിച്ചിട്ടില്ല. ഒരു കേസില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടും പോലിസ് ഇക്കാര്യം രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കുന്നു.
