രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തി ഫ്രാന്‍സ്

ഇനി മുതല്‍ രക്തബന്ധത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി മാറും. ഇത്തരത്തില്‍ ഏത് പ്രായത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായാലും നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കാനാണ് നീക്കം.

Update: 2022-01-19 11:40 GMT

പാരിസ്: ലൈംഗിക ബന്ധത്തിന് അതിര് നിശ്ചയിച്ച് യൂറോപ്യന്‍ രാജ്യമായ ഫ്രാന്‍സ്. പ്രായപൂര്‍ത്തിയായാല്‍ ഉഭയസമ്മതത്തോടെ ആരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന നൂറ്റാണ്ടുകളായി തുടരുന്ന നയമാണ് ഫ്രാന്‍സ് മാറ്റാനൊരുങ്ങുന്നത്. ഇനി മുതല്‍ രക്തബന്ധത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ക്രിമിനല്‍ കുറ്റമായി മാറും. ഇത്തരത്തില്‍ ഏത് പ്രായത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായാലും നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കാനാണ് നീക്കം. 1791ശേഷം ആദ്യമായാണ് ഇന്‍സെസ്റ്റ് (മാതാവ്, പിതാവ്, സഹോദരങ്ങള്‍ എന്നിവരുമായുള്ള ലൈംഗിക ബന്ധം) നിരോധിക്കാന്‍ ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്.

പ്രായപൂര്‍ത്തിയായവര്‍ തന്റെ കുടുംബത്തിലുള്ളവരുമായി, രക്തബന്ധത്തിലുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിലവില്‍ ഫ്രാന്‍സില്‍ നിയമവിധേയമാണ്.എന്നാല്‍ ഇനിമുതല്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ട് പേരും 18 വയസിന് മുകളിലായാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിലെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സ്‌റ്റേറ്റ് സെക്രട്ടറി അഡ്രിയെന്‍ ടാക്വെറ്റ് പറഞ്ഞു. ഇത്തരം ബന്ധങ്ങളെ പൂര്‍ണമായും നിരോധിക്കുന്നതിനെയാണ് താന്‍ പിന്താങ്ങുന്നതെന്നും ടാക്വെറ്റ് വ്യക്തമാക്കി.

'ഇത് പ്രായത്തിന്റെയോ മുതിര്‍ന്നവരുടെ പരസ്പര സമ്മതത്തിന്റെയോ പ്രശ്‌നമല്ല. ഇന്‍സെസ്റ്റിനെതിരേയാണ് (Incest) തങ്ങളുടെ പോരാട്ടം. സന്ദേശങ്ങള്‍ എപ്പോഴും നല്ലതായിരിക്കണം. പ്രായം എന്ത് തന്നെയായാലും നിങ്ങളുടെ മാതാവോ പിതാവോ മകളോ ആയി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല'- എഎഫ്പിക്ക് നല്‍കിയ പ്രതികരണത്തില്‍ ടാക്വെറ്റ് വ്യക്തമാക്കി.

ഇതോടെ ഇന്‍സെസ്റ്റ് ക്രിമിനല്‍ കുറ്റമാക്കിയിട്ടുള്ള മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാന്‍സ് കൂടെ എത്തും. അതേസമയം കസിന്‍സ് ആയ ആളുകള്‍ക്ക് വിവാഹം കഴിക്കുന്നതിന് പുതിയ നിയമമാറ്റത്തില്‍ തടസമില്ല. രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ അടുത്തിടെ ഫ്രാന്‍സില്‍ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ ഈ തീരുമാനത്തിലേക്ക് രാജ്യം എത്തിയത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് രക്തബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം, സ്വവര്‍ഗ ലൈംഗികത എന്നിവ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് ഭരണകൂടം ഒഴിവാക്കിയത്.

ഇന്‍സെസ്റ്റ് ലൈംഗിക ബന്ധം രാജ്യത്ത് സൃഷ്ടിച്ച അരാജകത്വത്തിന്റെ ആഘാതം വലിയ അളവിലാണ്. അതാണ് ഇപ്പോള്‍ ഫ്രാന്‍സിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

Tags:    

Similar News