നാലാംഘട്ട ലോക്ക്ഡൗണ്‍: കേരളത്തിലെ നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

Update: 2020-05-18 02:54 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ മെയ് 31 വരെ നീട്ടിയെങ്കിലും സംസ്ഥാനങ്ങള്‍ക്കു സ്വീകരിക്കുന്ന നിയന്ത്രണങ്ങള്‍ അതാത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നതിനാല്‍ കേരളത്തിലെ നിയന്ത്രണങ്ങള്‍ ഇന്നറിയാ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷമായിരിക്കും മാര്‍ഗരേഖ പുറത്തിറക്കുക. രോഗവ്യാപനമുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരാനാണു സാധ്യത. സോണുകള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെങ്കിലും ജാഗ്രത തുടരുന്ന വിധത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയാവും ചെയ്യുക. ഇതുവരെ നേടിയെടുത്ത ഗുണഫലങ്ങള്‍ ഇല്ലാതായിപ്പോവുന്ന വിധത്തിലുള്ള ഇളവ് നല്‍കുന്നത് തിരിച്ചടിയുണ്ടാക്കിയേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അല്‍പ്പം ദിവസം കൂടി നിയന്ത്രണം തുടര്‍ന്നേക്കും.

    രോഗവ്യാപനമുള്ള മേഖലകളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി മറ്റു സോണുകളില്‍ നേരിയ ഇളവുകള്‍ നല്‍കാനാണ് സാധ്യത. പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാക്കിയേക്കും. മാത്രമല്ല, എസ്എസ്എല്‍സി ഉള്‍പ്പെടെ മാറ്റിവച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണു സൂചന.




Tags: