നാലു ദിവസം കൂടി കനത്ത മഴ; രണ്ടു ദിവസത്തിനിടെ നാലു മരണം

മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. എറണാകുളം ജില്ലയിലെ ലോഗോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

Update: 2019-07-21 01:11 GMT

കോഴിക്കോട്: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ജനജീവിതത്തെ ബാധിച്ചു. മഴക്കെടുതിയില്‍ ഒരാള്‍കൂടി മരിച്ചു. എറണാകുളം ജില്ലയിലെ ലോബോ ജങ്ഷനില്‍ കബീറിന്റെ മകന്‍ റാസി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി.

രാവിലെ ഫോര്‍ട്ടുകൊച്ചി കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തമിഴ്‌നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോണ്‍ ബോസ്‌കോ, ലൂര്‍ദ് രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂര്‍ കാവാലിപ്പുഴയില്‍ കാണാതായ ചേര്‍പ്പുങ്കല്‍ കളപ്പുരയ്ക്കല്‍ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയില്ല. അതിനിടെ, വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീന്‍പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികള്‍ ശനിയാഴ്ച മടങ്ങിയെത്തി.

സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴക്കെടുതിക്ക് ഇരയായവര്‍ക്കായി ഏഴു ജില്ലകളിലായി പത്ത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 165 കുടുംബങ്ങളിലെ 835 പേര്‍ ഈ ക്യാംപുകളിലുണ്ട്. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് ചെറിയ ആശ്വാസമുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ മഴ തുടരും. അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ചില ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 25ഓടെ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ നിഗമനം. ഞായറാഴ്ച ഇടുക്കി, കാസര്‍കോട്, തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 

Tags:    

Similar News