ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കാറ് തകര്‍ത്ത സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി

സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പല നിയോജക മണ്ഡലങ്ങളിലും ബിജെപിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

Update: 2020-02-07 00:51 GMT

അടൂര്‍: അടൂരില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേഷിന്റെ കാറ് തകര്‍ത്ത സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ പിടിയിലായി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിന് കാരണം. 

അടൂര്‍ സ്വദേശികളായ വിഷ്ണു, ശരത്, രഞ്ജിത്, അരുണ്‍ എന്നിവരെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പോലിസ് നടത്തുന്നതായാണ് വിവരം.സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് പല നിയോജക മണ്ഡലങ്ങളിലും ബിജെപിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. ഇനിയും നാല് ജില്ലകളിലും ഏതാനം നിയോജക മണ്ഡലങ്ങളിലും അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടതുണ്ട്.

പൗരത്വ ഭേദഗതിയുമായി ബന്ധപെട്ട് സംസ്ഥാനത്ത് പ്രക്ഷോഭങ്ങള്‍ നടക്കുന്നതിനിടയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ വാഹനം ആക്രമിക്കപ്പെട്ടത്‌ രാഷ്ട്രീയമായി ഏറെ ചര്‍ച്ചയായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ആണോ എന്ന് സംശയം ചില കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതികള്‍ പിടിയിലായപ്പോള്‍ ബിജെപിയിലെ ഗ്രൂപ്പ് പോരാണ്‌ സംഭവത്തിന് പിന്നിലെന്ന് വ്യക്തമായിരിക്കുകയാണ്.

Tags:    

Similar News