പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്‍ കെ പച്ചൗരി അന്തരിച്ചു

Update: 2020-02-14 04:19 GMT

ന്യൂഡല്‍ഹി: പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട്(ടെറി) മുന്‍ മേധാവിയും സ്ഥാപക ഡയറക്ടറുമായ ആര്‍ കെ പച്ചൗരി അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘകാലമായി ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം ന്യൂഡല്‍ഹിയിലെ എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട്‌സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 2007ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ മുന്‍ വൈസ് പ്രസിഡന്റ് അല്‍ ഗോറിനൊപ്പം പങ്കിട്ട പച്ചൗരിക്ക് 2008ല്‍ പദ്മ വിഭൂഷണും ലഭിച്ചിരുന്നു. കാലാവസ്ഥാവ്യതിയാനം പഠിക്കുന്ന വിവിധ സര്‍ക്കാരുകള്‍ ഉള്‍പ്പെട്ട പാനലിന്റെ ചെയര്‍മാനായിരുന്നു. ഊര്‍ജസംരക്ഷണവും പരിസ്ഥിതിമുന്നേറ്റവും ലക്ഷ്യമിട്ട് 1974ല്‍ ഡല്‍ഹിയില്‍ സ്ഥാപിച്ച 'ടെറി'യെ ആഗോളതലത്തില്‍ ശ്രദ്ധേയസ്ഥാപനമാക്കി വളര്‍ത്തുന്നതില്‍ പച്ചൗരയുടെ പങ്ക് നിസ്തുലമാണ്. അതേസമയം, സഹപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തി, ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നീ കുറ്റങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് 2015ല്‍ ആര്‍ കെ പച്ചൗരി ടെറി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് രാജിവയ്ക്കുകയായിരുന്നു. ഭാര്യ: സരോജ് പച്ചൗരി. മക്കള്‍: രശ്മി, സോനാലി.




Tags:    

Similar News