ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ വരവേല്‍ക്കുന്ന തിരക്കില്‍; ബിഹാറില്‍ കൊവിഡ് ബാധിച്ച മുന്‍ സൈനികന്‍ ചികില്‍സ കിട്ടാതെ മരിച്ചു

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കൂടുതല്‍ ചികില്‍സയ്ക്കായി നളന്ദ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനാല്‍ അദ്ദേഹത്തെ വരവേല്‍ക്കുന്ന തിരത്തിലായിരുന്നു ആശുപത്രി അധികൃതര്‍. കുടുംബം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.

Update: 2021-04-14 12:05 GMT

പട്‌ന: ബിഹാറില്‍ ആശുപത്രി അധികൃതര്‍ ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് കൊവിഡ് ബാധിതനായ വിരമിച്ച സൈനികന്‍ മരിച്ചു. ബിഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഒരുക്കത്തിന്റെ പേരിലാണ് നളന്ദ മെഡിക്കല്‍ കോളജ് അധികൃതര്‍ സൈനികന്‍ വിനോദ് സിങ്ങിന് ചികില്‍സ വൈകിപ്പിച്ചത്. ഇതെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്ന വാഹനത്തില്‍വച്ചുതന്നെ സൈനികന്‍ മരണത്തിന് കീഴടങ്ങി. പട്‌നയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള ലഖിസാരായി നിവാസിയായ വിനോദ് സിങ്ങിന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ സംസ്ഥാന തലസ്ഥാനത്തെ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം പട്‌നയിലെ അഖിലേന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയതായി മകന്‍ അഭിമന്യു കുമാര്‍ പറഞ്ഞു. കിടക്കകളില്ലാത്തതിനാല്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ അവിടത്തെ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. അതിനാല്‍, ഒരു സ്വകാര്യ നഴ്‌സിങ് ഹോമിലേക്ക് കൊണ്ടുപോയി. അവിടെ ഏതാനും മണിക്കൂറുകള്‍ കിടത്തി. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കൂടുതല്‍ ചികില്‍സയ്ക്കായി നളന്ദ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവന്നു. എന്നാല്‍, ആശുപത്രിയില്‍ ആരോഗ്യമന്ത്രി സന്ദര്‍ശനം നടത്തുന്നതിനാല്‍ അദ്ദേഹത്തെ വരവേല്‍ക്കുന്ന തിരത്തിലായിരുന്നു ആശുപത്രി അധികൃതര്‍. കുടുംബം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചെങ്കിലും അധികൃതര്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല.

എന്റെ പിതാവ് കൊവിഡ് പോസിറ്റീവ് ആയിരുന്നു. മറ്റ് ആശുപത്രികള്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചു. നളന്ദ മെഡിക്കല്‍ കോളജ് ആശുപത്രി അതിന് സമ്മതിച്ചു. എന്നാല്‍, അവരുടെ ആവശ്യപ്രകാരം ഞങ്ങള്‍ ഒന്നര മണിക്കൂര്‍ പുറത്തുകാത്തുനില്‍ക്കേണ്ടിവന്നു- മരണപ്പെട്ട സൈനികന്റെ മകന്‍ അഭിമന്യൂവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

എല്ലാവര്‍ക്കും വൈദ്യസഹായം നല്‍കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നു. ഇതുപോലെ ആരെങ്കിലും മരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് വളരെയധികം ദു:ഖമുണ്ട്- ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നിരുത്തരവാദപരമായ നടപടിയെക്കുറിച്ച് പാണ്ഡെ പ്രതികരിച്ചു. ഇത്തരമൊരു സംഭവം നിര്‍ഭാഗ്യകരമാണ്.

കുറച്ചുദിവസമായി ആശുപത്രികളില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്- പാണ്ഡെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബിഹാറില്‍ 4000 ലധികം പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം ബിഹാറില്‍ 41,000 ന് മുകളിലായി. നിലവില്‍ 25,000 ത്തോളം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

Tags: