98 കിലോ കഞ്ചാവുമായി അറസ്റ്റിലായത് ബിജെപി മുന്‍ ഐടി സെല്‍ ജീവനക്കാരന്‍

പി സി അബ്ദുല്ല

Update: 2020-08-17 04:53 GMT

കല്‍പ്പറ്റ: മൂന്നു ദിവസം മുമ്പ് വയനാട്ടില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ അറസ്റ്റിലായവരില്‍ യുവമോര്‍ച്ചാ പ്രമുഖനും. ഈമാസം 14 നു പുലര്‍ച്ചെ മൂന്നോടെ മാനന്തവാടി തോല്‍പ്പെട്ടിയില്‍ 98 കിലോ കഞ്ചാവുമായി പിടിയിലായ പ്രധാന പ്രതിയുടെ ബിജെപി ബന്ധമാണ് പുറത്തായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തോല്‍പ്പെട്ടിയില്‍ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് 98 കിലോ കഞ്ചാവുമായി വയനാട് പൊഴുതന നിവേദ്യം വീട്ടില്‍ പി രഞ്ജിത്(31), കൊല്ലം കരുനാഗപ്പള്ളി തടത്തിവിള വടക്കേതില്‍ അഖില്‍ കുമാര്‍(27) എന്നിവര്‍ അറസ്റ്റിലായത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍

    ബിജെപിയുടെ ഐടി സെല്‍ ജീവനക്കാരനായിരുന്നു രഞ്ജിത്ത്. യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹത്തിന്റെ കുടുംബം സംഘപരിവാര്‍ സംഘടനകളില്‍ സജീവമാണ്. സഹോദരി കല്‍പറ്റ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. സഹോദരീ ഭര്‍ത്താവ് ബിജെപി ഐടി സെല്‍ ജില്ലാ അസി. കോ-ഓഡിനേറ്ററായിരുന്നു.

    വയനാട്ടില്‍ നടന്ന ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടയാണ് രഞ്ജിത്ത് പിടിയിലായ കേസ്. വിപണിയില്‍ ഒരു കോടി വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്. രഞ്ജിത്തിനൊപ്പം പിടിയിലായ അഖില്‍ കുമാറും യുവമോര്‍ച്ചാ പ്രവര്‍ത്തകനാണെന്നാണ് സൂചന. കൊല്ലം ജില്ലയില്‍ ചില കേസുകളെ തുടര്‍ന്നാണ് ഇയാള്‍ വയനാട്ടിലെത്തിയത്. പ്രതികള്‍ നേരത്തേയും വന്‍ തോതില്‍ വയനാട് വഴി കഞ്ചാവ് കടത്തിയതായി എക്‌സൈസ് ഇന്റലിജന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, രഞ്ജിത്തിനെതിരേ നിലവില്‍ മറ്റു കേസുകളൊന്നുമില്ലെന്ന് എക്‌സൈസ് വൃത്തങ്ങള്‍ പറഞ്ഞു.

Former BJP IT cell employee was arrested with 98 kg of cannabis



Tags:    

Similar News