ജനുവരി 22ന് ബംഗാളില്‍ 'ഹാര്‍മണി റാലി'യുമായി മമത; ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും ഗുരുദ്വാരകളും സന്ദര്‍ശിക്കും

Update: 2024-01-16 13:59 GMT

കൊല്‍ക്കത്ത: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്ന ജനുവരി 22ന് പശ്ചിമ ബംഗാളില്‍ എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരേയും അണിനിരത്തി 'ഹാര്‍മണി റാലി'യുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ദക്ഷിണ കൊല്‍ക്കത്തയിലെ ഹസ്ര ക്രോസിങില്‍ നിന്ന് റാലി ആരംഭിക്കും. 'ഹാര്‍മണി റാലി'യില്‍ ക്ഷേത്രങ്ങളും പള്ളികളും മസ്ജിദുകളും ഗുരുദ്വാരകളും സന്ദര്‍ശിച്ച് പാര്‍ക്ക് സര്‍ക്കസ് മൈതാനത്ത് റാലി സമാപിക്കും. എല്ലാ ജില്ലകളിലും സമാനമായ രീതിയില്‍ റാലി നടത്താനും മമാതാ ബാനര്‍ജി നിര്‍ദേശം നല്‍കി. ''ജനുവരി 22ന് ഞാന്‍ കാളിഘട്ട് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ശേഷം എല്ലാ മതവിഭാഗത്തിലേയും ജനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന റാലിയില്‍ പങ്കെടുക്കും. മറ്റു പരിപാടികളുമായി ഇതിന് ബന്ധമില്ലെന്നും മമത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം, ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തേണ്ടത് പുരോഹിതരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും മമത പറഞ്ഞു. പ്രാണപ്രതിഷ്ഠ നടത്തേണ്ടത് നമ്മുടെ ജോലിയല്ല, പുരോഹിതരുടേതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് നമ്മുടെ ജോലിയെന്നും മമത പറഞ്ഞു. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്ത് സിഖ്-ക്രൈസ്തവ-മുസ് ലിം മതവിഭാഗക്കാര്‍ക്കും ആദിവാസികള്‍ക്കും അവഗണന നേരിടേണ്ടിവരില്ല. തിരഞ്ഞെടുപ്പിന് മുമ്പള്ള ഗിമ്മിക്കുകളുമായി നിങ്ങള്‍ മുന്നോട്ടുപോവുക. എനിക്ക് അതില്‍ വിയോജിപ്പില്ല. പക്ഷേ, ഇതര സമുദായക്കാരെ അവഗണിക്കുന്നത് ശരിയല്ല. ബംഗാളില്‍ ഭിന്നിപ്പിനും വിവേചനത്തിനും ഇടമില്ലെന്നും മമത പറഞ്ഞു. നേരത്തെ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ഉപയോഗിക്കുന്നതായി മമത വിമര്‍ശിച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്ക് മമത ബാനര്‍ജിയും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മറ്റു നേതാക്കളും പങ്കെടുക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

Tags:    

Similar News