പറവണ്ണ അക്രമം: അഞ്ചു ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ കുട്ടാത്ത് അജാസ് (28), പുത്തന്‍പുരയില്‍ മുഹമ്മദ് റാഷിദ് (27), പുത്തന്‍പുരയില്‍ ആസിഫ് (25), അരാത്ത് ഹാഷിര്‍ (25), കുട്ടാത്ത് മുഹമ്മദ് ഇര്‍ഷാദ് (28) എന്നിവരെയാണ് തിരൂര്‍ സിഐ പി കെ പത്മരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
തിരൂര്‍: വെട്ടം പറവണ്ണയില്‍ മുസ്ലിം പള്ളിക്ക് കല്ലെറിയുകയും സിപിഎം പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് യൂത്ത് ലീഗ് പ്രവര്‍ത്തകരെ തിരൂര്‍ പോലിസ് അറസ്റ്റുചെയ്തു. പറവണ്ണ പുത്തനങ്ങാടി സ്വദേശികളായ കുട്ടാത്ത് അജാസ് (28), പുത്തന്‍പുരയില്‍ മുഹമ്മദ് റാഷിദ് (27), പുത്തന്‍പുരയില്‍ ആസിഫ് (25), അരാത്ത് ഹാഷിര്‍ (25), കുട്ടാത്ത് മുഹമ്മദ് ഇര്‍ഷാദ് (28) എന്നിവരെയാണ് തിരൂര്‍ സിഐ പി കെ പത്മരാജന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി എട്ടോടെയാണ് പറവണ്ണയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയാണ് അക്രമം നടത്തിയത്. സിപിഎം പ്രവര്‍ത്തകരായ പുത്തങ്ങാടി സ്വദേശി ബടാനാത്ത് അബ്ബാസ്, കമ്മക്കാന്റ പുരയ്ക്കല്‍ സൈനുദ്ദീന്‍, കുട്ടുകടവത്ത് ആയിഷക്കുട്ടി എന്നിവരുടെ വീടുകളും അബ്ബാസിന്റെ ഓട്ടോറിക്ഷയും മൂന്ന് ബൈക്കുകളുമാണ് അക്രമികള്‍ തകര്‍ത്തത്. തുടര്‍ന്ന് അക്രമികള്‍ റഹ്മത്താബാദ് ജുമാ മസ്ജിദിന് നേരെ കല്ലെറിഞ്ഞതായും പരാതിയുണ്ട്.തിരൂര്‍ സിഐ പത്മരാജന്‍, എസ്‌ഐ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്ത പ്രതികളെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
