ഇടുക്കിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വാച്ചര്‍മാരുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍; മര്‍ദ്ദനമേറ്റത് മരംമുറി അന്വേഷിക്കാനെത്തിയപ്പോള്‍

പെരിയാര്‍ ടൈഗര്‍ റിസര്‍വ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താല്‍കാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്, നാട്ടുകാരനായ അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

Update: 2020-09-17 00:45 GMT

ഇടുക്കി: വള്ളക്കടവില്‍ വനംവകുപ്പ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വാച്ചര്‍മാരുള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ജനുവരിയിലാണ് മരംമുറി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനെയും സംഘത്തെയും സംഘം വളഞ്ഞിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കിയത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ് വള്ളക്കടവ് റേഞ്ചിലെ സ്ഥിരം ജീവനക്കാരായ വിഷ്ണു, സതീഷ്, താല്‍കാലിക ജീവനക്കാരായ ബിജു, രഞ്ജിത്ത്, നാട്ടുകാരനായ അജയന്‍ എന്നിവരാണ് അറസ്റ്റിലായത്.

വള്ളക്കടവ് റേഞ്ചിലെ അനധികൃത മരംമുറിയും, മൃഗവേട്ടയും അന്വേഷിക്കാനെത്തിയ രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥനായ സുജിത്തിനെയും രണ്ട് വാച്ചര്‍മാരെയുമാണ് സംഘം വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.ഐഡി കാര്‍ഡ് കാണിച്ചിട്ടും മര്‍ദ്ദിക്കുകയായിരുന്നു. വള്ളക്കടവ് റേഞ്ചറും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായി.

എന്നാല്‍ സിപിഎം അനുകൂല സംഘടനയില്‍ അംഗങ്ങളായതിനാല്‍ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയുണ്ടായില്ല. ഒടുവില്‍ സിപിഐ നേതൃത്വം ഇടപെട്ടതോടെയാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായത്. എന്നാല്‍ അറസ്റ്റ് ചെയ്യാതെ ഒത്തുകളിച്ചു. ഒടുവില്‍ സിപിഐ സംഘടനകള്‍ പ്രക്ഷോഭവുമായി മുന്നോട്ട് വന്നതോടെ എട്ട് മാസത്തിന് ശേഷം അറസ്റ്റ് ചെയ്യാന്‍ പോലിസ് നിര്‍ബന്ധിതരാവുകയായിരുന്നു. കൊവിഡ് പരിശോധന പൂര്‍ത്തിയാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.




Tags:    

Similar News