ചൈനയില്‍ ആറുമാസത്തിനിടെ ആദ്യ കൊവിഡ് മരണം

Update: 2022-11-21 01:55 GMT

ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തു. ബെയ്ജിങില്‍നിന്നുള്ള 87 വയസ്സുകാരനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതാദ്യമാണ് ചൈനയില്‍ കൊവിഡ് മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 26ന് ശേഷമുള്ള ആദ്യമരണമാണിതെന്ന് ചൈനീസ് ഹെല്‍ത്ത് കമ്മിഷന്‍ വ്യക്തമാക്കി. കൊവിഡ് മരണത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരമായ ബെയ്ജിങ്ങില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായി ചായോങ് ജില്ലയിലെ സ്‌കൂളുകള്‍ ഓണ്‍ലൈനാക്കുകയും ഓഫിസുകളും ഭക്ഷണശാലകളും അടക്കുകയും ചെയ്തു.

അനാവശ്യമായി പുറത്തുപോവരുതെന്ന് പ്രദേശവാസികള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീറോ കൊവിഡ് നയം ശക്തമായി നടപ്പാക്കുന്ന ചൈനയില്‍ 92 ശതമാനം പേരാണ് ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തത്. എന്നാല്‍, 80 വയസ്സുകഴിഞ്ഞ ആളുകളുടെ വാക്‌സിനേഷന്‍ നിരക്ക് 65 ശതമാനം മാത്രമാണ്. വീണ്ടും കോവിഡ്‌കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തമാക്കുകയും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുകയും ചെയ്തു. മികച്ച പ്രതിരോധസംവിധാനങ്ങളാണ് മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് കേസുകളും മരണനിരക്കും പിടിച്ചുനിര്‍ത്തിയതെന്ന് ചൈന വ്യക്തമാക്കി.

621 പുതിയ കേസുകളാണ് ബെയ്ജിങ്ങില്‍ മാത്രം റിപോര്‍ട്ട് ചെയ്തത്. ബെയ്ജിങിലെ 16 ജില്ലകളിലും നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. 2019ല്‍ വുഹാനില്‍ ആദ്യ കൊവിഡ് കേസ് സ്ഥിരീകരിച്ചതിനുശേഷം 2,86,197 കേസുകളാണ് ആകെ റിപോര്‍ട്ട് ചെയ്തത്. 22,210 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍ 22,103 പേരുടെ നില ഗുരുതരമാണ്. ഇതുവരെയുള്ള ആകെ മരണം എണ്ണം 5,229 ആയി. അതേസമയം, വിവിധയിടങ്ങളില്‍ കര്‍ശനമായ ലോക്ക് ഡൗണ്‍, നിര്‍ബന്ധിത ക്വാറന്റൈന്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരേ വ്യാപകപ്രതിഷേധങ്ങളാണ് ഉയരുന്നത്.

Tags:    

Similar News