ഡല്‍ഹിയില്‍ വീണ്ടും വെടിവെയ്പ്പ്; ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്തത് നാലുതവണ

ബൈക്കിലെത്തിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നാല് തവണ വെടിവയ്പ്പ് ഉണ്ടായി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍.

Update: 2020-02-07 12:11 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധം അരങ്ങേറുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വീണ്ടും വെടിവയ്പ്. ഡല്‍ഹിയിലെ ജാഫറാബാദിലാണ് വെടിവയ്പുണ്ടായത്. ബൈക്കിലെത്തിയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. നാല് തവണ വെടിവയ്പ്പ് ഉണ്ടായി. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. വിവരമറിഞ്ഞ് പോലിസ് ഉടന്‍ സ്ഥലത്തെത്തി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിഅ മില്ലിയ സര്‍വ്വകലാശാലയിലും ശാഹീന്‍ ബാഗിലും തീവ്ര ഹിന്ദുത്വ വാദികള്‍ വെടിയുതിര്‍ത്തിരുന്നു. ജാമിഅയില്‍ സ്‌കൂട്ടറില്‍ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നില്‍ നിന്ന് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ വണ്ടി നമ്പര്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സമര്‍പ്പിച്ചിട്ടും പ്രതികളെ പിടികൂടുന്നതില്‍ ഡല്‍ഹി പോലിസ് അലംഭാവം തുടരുകയാണ്.

അതിനിടെയാണ് ശാഹീന്‍ ബാഗില്‍ കുത്തിയിരിപ്പ് സമരം നടക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പുണ്ടായത്. ഈ കേസില്‍ പ്രതി കപില്‍ ഗുജ്ജാറിനെ പോലിസ് പിടികൂടിയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലസ്ഥാനത്ത് അതീവ സുരക്ഷ നിലനില്‍ക്കുന്നതിനിടെയാണ് വെടിവയ്പുണ്ടായത്.

Tags:    

Similar News