ടി വി പരിപാടിയില്‍ മതവിദ്വേഷം; സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫിനെതിരേ കേരളത്തില്‍ കേസ്

Update: 2020-05-08 15:04 GMT

കോഴിക്കോട്: മുസ് ലിംകള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്നതും പ്രകോപനമുണ്ടാക്കുന്നതുമായ പരാമര്‍ശങ്ങളുമായി പരിപാടി സംപ്രേഷണം ചെയ്തതിനു സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരേ കേരളത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി ഗവാസിന്റെ പരാതിയിലാണ് കോഴിക്കോട് കസബ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് സുധീര്‍ ചൗധരി സീടിവി ന്യൂസില്‍ അവതരിപ്പിച്ച ഡിഎന്‍എ എന്ന പരിപാടി ഒരു മതവിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതും കലാപാഹ്വാനം ചെയ്യുന്നതുമെന്നാണ് മാര്‍ച്ച് 17ന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് ഭരണഘടനയുടെയും ഐടി ആക്റ്റ്, കേബിള്‍ ടിവി റെഗുലേഷന്‍ ആക്റ്റ്-2018 എന്നിവയുടെയും ലംഘനമാണെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കസബ പോലസ് ക്രൈം നമ്പര്‍ 232/20 സെക്ഷന്‍ 295 പ്രകാരമാണ് പരിപാടിക്കും സുധീര്‍ ചൗധരിക്കുമെതിരേ ഐപിസി 295 എ പ്രകാരം കേസെടുത്തിരിക്കുന്നത്.

    വിവിധ തരം ജിഹാദുകള്‍ എന്ന തലക്കെട്ടില്‍ മാര്‍ച്ച് 11നാണ് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ചാനലില്‍ ഡിഎന്‍എ എന്ന പേരില്‍ പരിപാടി അവതരിപ്പിച്ചത്. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണെന്നു പറഞ്ഞ് 'കഠിനമായ ജിഹാദെ'ന്നും 'സൗമ്യമായ ജിഹാദെ'ന്നും വേര്‍തിരിച്ച് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ മുസ് ലിംകള്‍ വ്യത്യസ്ത തരം ജിഹാദുകളിലൂടെ മതപരമായ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു സുധീര്‍ ചൗധരിയുടെ പരിപാടിയുടെ ഉള്ളടക്കം. ജിഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധം എന്ന മുഖവുരയോടെ സ്‌ക്രീനില്‍ ഒരു ഡയഗ്രം വരച്ചായിരുന്നു വിവരണം. സാമ്പത്തിക ധ്രുവീകരണം, പെയ്ഡ് വാര്‍ത്തകളിലൂടെ മാധ്യമ ഇടപെടല്‍, പ്രണയം നടിച്ച് മതം മാറ്റല്‍, സിനിമയും കലയും ഉപയോഗിച്ച്, ഇടത്-കമ്മ്യൂണിസ്റ്റ് നേതാക്കളെ സ്വാധീനിക്കല്‍,

    വിവാഹത്തിന്റെയും സന്താനോല്‍പാദ നത്തിന്റെയും രൂപത്തില്‍, ഭൂമി കൈവശപ്പെടുത്തി പള്ളികള്‍ നിര്‍മിക്കുന്നതിലൂടെ, മദ്‌റസകള്‍ വര്‍ധിപ്പിച്ചും അറബി പഠിപ്പിച്ചും, ഇരകളെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണം തട്ടിയെടുത്ത് തുടങ്ങി വ്യത്യസ്ത മാര്‍ഗങ്ങള്‍ മുസ് ലിംകള്‍ ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു സുധീര്‍ ചൗധരിയുടെ ആരോപണം. മാത്രമല്ല, ഭീകരാക്രമണങ്ങളും കായികാഭ്യാസങ്ങളും മതത്തതിന്റെ പ്രചാരണത്തിനും വ്യാപനത്തിനും വേണ്ടി ഉപയോഗിക്കുന്നുവെന്നു വിഷലിപ്തമായ പരാമര്‍ശങ്ങളും അദ്ദേഹം ചാനല്‍ പരിപാടിയിലൂടെ ഉന്നയിച്ചിരുന്നു.

    


അങ്ങേയറ്റം ആക്ഷേപകരവും അടിസ്ഥാന രഹിതവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഇത്തരം സംഘപരിവാര ആക്രോശങ്ങള്‍ കണ്ടില്ലെന്ന് നടിനാവില്ല എന്നതിനാലാണ് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ചാനലിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് അഡ്വ. പി ഗവാസ് അറിയിച്ചു. മത-ജാതി, പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഇന്ത്യയിലാകെയുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കാര്‍ഷികത്തകര്‍ച്ച തുടങ്ങിയവ കാരണം വലയുമ്പോള്‍ പൊതുവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ജനങ്ങളെ മതപരമായി വേര്‍തിരിച്ച് ആക്ഷേപിക്കുകയും ഭീതി വളര്‍ത്തുകയും ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

    



 

അതേസമയം, പരാതിയിന്‍മേല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ സുധീര്‍ ചൗധരി കേരള പോലിസിനും പരാതിക്കാരനുമെതിരേ രംഗത്തെത്തി. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ വിളികള്‍ വന്നതായും ആരോപണമുണ്ട്. എന്നാല്‍, പരാതിയില്‍ ഉറച്ചുനില്‍ക്കുമെന്നും കോറോണ വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച തുടര്‍ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനാണ് തീരുമാനമെന്നും അഡ്വ. പി ഗവാസ് വ്യക്തമാക്കി. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റിക്കൊപ്പം ദേശീയ നേതൃത്വവും പരാതിക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചതായും ഗവാസ് വ്യക്തമാക്കി.


Tags:    

Similar News