മത സൗഹാര്‍ദ്ദം തകര്‍ത്ത പാലാ ബിഷപ്പിനെതിരേ കേസെടുക്കുക: എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി

Update: 2021-09-09 15:16 GMT

തിരുവനന്തപുരം: യാതൊരു തെളിവോ വസ്തുതകളോ ഇല്ലാതെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന പ്രസംഗം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിഎച്ച്ആര്‍ഒ മുഖ്യമന്ത്രിക്കും ഡിജിപിക്കും കോട്ടയം ജില്ലാ പോലിസ് മേധാവിക്കും പരാതി നല്‍കി. കേരളീയ സമൂഹത്തില്‍ മത സൗഹാര്‍ദ്ദത്തെയും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെയും പരസ്പര വിശ്വാസത്തെയും തകര്‍ക്കുന്നതാണ് ബിഷപ്പിന്റെ പ്രസംഗമെന്ന് ദേശീയ മനുഷ്യവകാശ ഏകോപനസമിതി(എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

പരാതിയുടെ പൂര്‍ണരൂപം:

സപ്തംബര്‍ എട്ടാം തീയതി കുറവിലങ്ങാട് പളളിയിലെ തിരുനാള്‍ ചടങ്ങില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ നിരുത്തരവാദപരവും മതസ്പര്‍ദ്ധയുളവാക്കുന്നതുമായ പ്രസംഗത്തിന് കേസെടുക്കേണ്ടതാണ്. യാതൊരു തെളിവോ വസ്തുതകളോ ഇല്ലാതെ മുസ്‌ലിം സമൂഹത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്ന ഇത്തരം പ്രസംഗം കേരളീയ സമൂഹത്തില്‍ മത സൗഹാര്‍ദ്ദത്തെയും മനുഷ്യര്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തെയും പരസ്പര വിശ്വാസത്തെയും തകര്‍ക്കുന്നതാണ്.

(ബിഷപ്പിന്റെ പ്രസംഗത്തില്‍ നിന്ന് ഇളംപ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളിലും കോളേജിലും ഹോസ്റ്റലിലും കച്ചവടസ്ഥാപനങ്ങളിലും അങ്ങനെ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലുമെല്ലാം ജിഹാദികള്‍ വലവിരിച്ചുവെന്ന് നാം തിരിച്ചറിയണം. നാം ഒരുപാട് വൈകിപ്പോയി. കേരളത്തില്‍ ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ജിഹാദാണ് നടക്കുന്നത്. അമുസ്‌ലിംകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്).

കേരളത്തില്‍ സാമൂഹിക നന്മ കാംക്ഷിക്കുന്ന മുസ്‌ലിം മതവും മത മേലധികാരികളും മയക്കുമരുന്ന് പോലുള്ള ഒരു തിന്മയെ പ്രോല്‍സാഹിപ്പിക്കുകയോ അതിനു പിന്തുണ കൊടുക്കുകയോ ചെയ്തിട്ടില്ല. പോലിസോ സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ നാളിതുവരെ അത്തരം ഒരു പരാമര്‍ശമോ അന്വേഷണമോ നടത്തിയതായി അറിവുമില്ല. എന്നാല്‍ നാട്ടിലെ ക്രമാസമാധാനത്തെ തകര്‍ക്കുന്ന വിധത്തില്‍ പാലാ ബിഷപ് മുസ്‌ലിം സമൂഹത്തിനു എതിരെ നടത്തിയ നടത്തിയ പരാമര്‍ശം തീര്‍ത്തും കുറ്റകരമായ ഒരു സംഗതിയാണ്. നമ്മുടെ നാടിന്റെ സുരക്ഷയെയും മത സൗഹാര്‍ദ്ദത്തെയും കാത്തു സംരക്ഷിക്കാന്‍ അടിയന്തരമായി പാലാ ബിഷപ്പിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണം എന്ന് താല്പര്യപ്പെടുന്നു.

ആദരപൂര്‍വ്വം: വിളയോടി ശിവന്‍കുട്ടി.

Tags:    

Similar News